- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ പൊലീസുമായി ഉള്ള ഏറ്റമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഏറ്റമുട്ടൽ മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ധനോറയിലെ ഗ്യാരപട്ടി വനത്തിൽ; ഏറ്റമുട്ടൽ സി-60 കമാൻഡോകൾ വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ; നാലു പൊലീസുകാർക്ക് പരിക്കേറ്റെന്നും സൂചന
മുംബൈ: മഹാരാഷ്ട്രയിൽ പൊലീസുമായി ഉള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. മുംംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് സംഭവസ്ഥലം. 26 മാവോയിസ്റ്റുകളുടെ മൃതദേഹം കാട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ അറിയിച്ചു.
മഹാരാഷ്ട്ര പൊലീസിലെ നക്സൽ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ഗഡ്ചിറോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരപട്ടി വനത്തിലാണ് മാവോയിസ്റ്റുകളും സേനയും ഏറ്റുമുട്ടൽ നടത്തിയത്.
കൊർച്ചി മേഖലയിൽ സി-60 പൊലീസ് കമാൻഡോ ടീം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. എസ്‌പി സൗമ്യ മുണ്ഡെയാണ് ടീമിനെ നയിച്ചിരുന്നത്. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു ഉന്നത നേതാവ് ഇക്കൂട്ടത്തിൽ ഉണ്ടെന്ന് സംശയിക്കുന്നു.
തിരച്ചിലിനിടെ നക്സലുകൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ആദ്യം നാല് പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഏറ്റുമുട്ടൽ അവസാനിച്ചപ്പോൾ 26 പേർ കൊല്ലപ്പെട്ടെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദാ അറസ്റ്റിലായിരുന്നു. ഝാർഖണ്ഡിൽ നിന്നാണ് കിഷൻ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റലിജന്റ്സ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും.
മറുനാടന് മലയാളി ബ്യൂറോ