മലപ്പുറം: വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പമെത്തി അപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പൊന്നാനി എരമംഗലം സ്വദേശി സുഹൈലി(26)ന്റെ മൃതദേഹമാണു കണ്ടെടുത്തത്.

കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ നാലംഗ സംഘത്തിലെ അംഗമായിരുന്നു സുഹൈൽ. പിഎച്ച്ഡി പൂർത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു.

വെള്ളച്ചാട്ടത്തിൽ പാറയിടുക്കിൽ കാല് കുരുങ്ങിയായിരുന്നു കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അപകടം നടന്ന ഉടനെ പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം തെരച്ചിൽ നിർത്തിവച്ചു. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

സുഹൈലിന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. നീന്തൽ അറിയാത്ത സുഹൈലിന്റെ മൃതദേഹം വെള്ളത്തിനടിയിൽ കല്ലിന്റെ ഇടയിൽ കുടുങ്ങി കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്.