കൊച്ചി: രണ്ടാം മാറാട് കലാപത്തിന് ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ സിബിഐ കേസെടുത്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ ലീഗ് നേതാക്കളായ എം.സി മായിൻ ഹാജി, പി.പി. മെയ്തീൻ കോയ, നാല് മഹല്ല് കമ്മിറ്റി അംഗങ്ങൾ, പേര് പറഞ്ഞിട്ടില്ലാത്ത ചില എൻ.ഡി.എഫ് നേതാക്കൾ, ഏതാനും തീവ്രവാദ സംഘടനാ പ്രവർത്തകർ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്.

നേരത്തെയുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ വീണ്ടും രജിസ്റ്റർ ചെയ്യുകയാണ് സിബിഐ ചെയ്തത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫിന്റെ റിപ്പോർട്ടിൽ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് എഫ്.ഐ.ആർ്.

മാറാട് കടപ്പുറത്തുണ്ടായ രണ്ടാമത്തെ കൂട്ടക്കൊല ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയെ അഞ്ചുമാസം മുമ്പാണ് അറിയിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേസ് സിബിഐയ്ക്കു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നു കേന്ദ്രം ഭരിച്ചിരുന്ന യുപിഎ ഈ ആവശ്യം തള്ളുകയായിരുന്നു. എന്നാൽ സിബിഐ കേസ് അന്വേഷിക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ എൽഡിഎഫ് സർക്കാരും രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കൊളക്കാടൻ മൂസഹാജി സമർപ്പിച്ച ഹർജിയിലാണ് കോടതി സിബിഐയ്ക്ക് അന്വേഷണ ചുമതല നൽകിയത്.

ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഇപ്പോൾ അന്വേഷിക്കുന്ന ഏജൻസി എന്ന നിലയിലാണ് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്. ഗൂഢാലോചനക്കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസ് ഏറ്റെടുത്ത സിബിഐ ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ശരിവച്ച് ഗൂഢാലോചനക്കുറ്റത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

2003 രണ്ടിനായിരുന്നു ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നത്. അരയസമാജം അംഗങ്ങളായിരുന്നു മരിച്ചവരിൽ എട്ടുപേർ. കലാപത്തിൽ എം സി മായിൻഹാജി അടക്കമുള്ള ലീഗ് നേതാക്കൾക്കു വ്യക്തമായ പങ്കുണ്ടെന്ന് അന്നു കേസ് കേസ് അന്വേഷിച്ച എസ് പി സി എം പ്രദീപ് കുമാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വി എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാർ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗിന്റെ സമ്മർദത്തെത്തുടർന്നു തള്ളുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നു.

തോമസ് പി ജോസഫ് കമ്മീഷൻ കേസ് അന്വേഷിച്ചിരുന്നു. കൂട്ടക്കൊലയ്ക്കു പിന്നിൽ വമ്പിച്ച ഗൂഢാലോചനയുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോയില്ല. സംഭവം സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ വാദം കേൾക്കവേയാണ് സിബിഐ നിലപാട് അറിയിച്ചത്. മുസ്ലിം ലീഗിന്റെയും എൻഡിഎഫിന്റെയും അറിവോടും സമ്മതത്തോടും കൂടിയാണു രണ്ടാം കൂട്ടക്കൊല നടന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു തോമസ് പി ജോസഫിന്റെ കമ്മീഷൻ കണ്ടെത്തിയയത്.

2002ലെ പുതുവൽസരാഘോഷത്തിനിടയിൽ ഉണ്ടായ തർക്കത്തിന്റെ ഫലമായി ഏറ്റുമുട്ടലുണ്ടാവുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു രണ്ടാം കൂട്ടക്കൊലയെന്നാണ് കമ്മീഷനും അന്വേഷണ സംഘങ്ങളും കണ്ടെത്തിയിരുന്നത്. രണ്ടാം കൂട്ടക്കൊലയ്ക്കു ശേഷം നടത്തിയ റെയ്ഡിനിടയിൽ സമീപത്തുള്ള മുസ്ലിം പള്ളിയിൽനിന്നു മാരകായുധങ്ങലും ബോംബുകളും കണ്ടെത്തിയിരുന്നു.

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായിരുന്ന എം സി മായിൻഹാജി കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചനയിൽ നേരിട്ടു പങ്കാളിയായതായാണു ആരോപണം ഉയർന്നത്. കഴിഞ്ഞ നവംബർ 10 നാണ് രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. നേരത്തെ സിബിഐ ഈ കേസ് അന്വേഷിക്കാൻ വിമുഖത കാട്ടിയെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.