ന്യൂഡൽഹി: വിമാനയാത്രക്കിടെ യാത്രക്കാരോടോ അധികൃതരോടൊ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയുമായി വ്യോമയാന മന്ത്രാലയം. മൂന്ന് മാസം മുതൽ രണ്ട് വർഷമോ അതിൽ കൂടുതലോ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടിക്കാണ് വ്യോമായന മന്ത്രാലയം ഒരുങ്ങുന്നത്. 

വിമാനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കർശന നടപടിക്ക് വ്യോമയാന മന്ത്രാലയം. മോശമായി പെരുമാറുന്നവർക്ക് മൂന്നുമാസം മുതൽ രണ്ടുവർഷം വരെയോ അതിൽകൂടുതലോ യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നടപടിക്കാണ് നിർദ്ദേശം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നൽകുന്നവരുടെ പേരുകളും യാത്രാവിലക്ക് പട്ടികയിൽ ഉൾപ്പെടുത്തും.

പുതിയ നിയമപ്രകാരം ഇങ്ങനെ മോശമായി പെരുമാറുന്നവർക്ക് മൂന്ന് തരത്തിലുള്ള ശിക്ഷാ നടപടികളാവും സ്വീകരിക്കുക. ഇതിൽ വേഗം തന്നെ തീർപ്പ് കൽപ്പിക്കാൻ വിരമിച്ച ജില്ലാ ജഡ്ജി അധ്യക്ഷനായ ആഭ്യന്തര കമ്മിറ്റിക്കും വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അപ്പലേറ്റ് കമ്മിറ്റിക്കും ആഭ്യന്തരമന്ത്രാലയം രൂപം നൽകും. 

വാക്കുകൾകൊണ്ടും ചേഷ്ടകൾകൊണ്ടും മോശമായി പെരുമാറുന്നവർക്ക് മൂന്നുമാസം വരെ യാത്രാവിലക്ക് ഏർപ്പെടുത്തും. ശാരീരികമായ ആക്രമണങ്ങൾക്ക് മുതിരുന്നവർക്ക് ആറുമാസംവരെയും ഗുരുതരമായ അതിക്രമങ്ങളും വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കുന്ന പ്രവൃത്തിയും ചെയ്യുന്നവരെ രണ്ടുവർഷമോ അതിൽ കൂടുതലോ യാത്രാ വിലക്കും ഏർപ്പെടുത്തും. മോശമായി പെരുമാറുന്നവർക്കെതിരെ വിമാനക്കമ്പനികൾക്കുതന്നെ യാത്രാവിലക്ക് ഏർപ്പെടുത്താം. 

വിരമിച്ച ജില്ലാ ജഡ്ജി അധ്യക്ഷനായ ആഭ്യന്തര കമ്മിറ്റി നടപടി പരിശോധിക്കും. യാത്രക്കാർക്കെതിരായ പരാതി 30 ദിവസത്തിനകം പരിഗണിച്ച് യാത്രാവിലക്കിന്റെ കാലാവധി കമ്മിറ്റി പ്രഖ്യാപിക്കണം. 30 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ യാത്രക്കാരന് യാത്രചെയ്യാം. നടപടിക്കെതിരെ യാത്രക്കാരന് 60 ദിവസത്തിനകം അപ്പീലും നൽകാം. ഇതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അപ്പലേറ്റ് കമ്മിറ്റി വ്യോമയാന മന്ത്രാലയം രൂപീകരിക്കും. വിവിധ വിമാനക്കമ്പനികൾ, യാത്രക്കാരുടെ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ഉപഭോക്തൃ തർക്കപരിഹാര സമിതിയിലെ വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാകും. പ്രമുഖ വ്യക്തികൾക്കും വിമാനത്തിലെ ജീവനക്കാർക്കും നിയമം ബാധകമാണ്.

അതേസമയംദഒരു വിമാനക്കമ്പനി വിലക്കേർപ്പെടുത്തിയവർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് തടസ്സമില്ല. വിമാനത്താവളത്തിലും പരിസരത്തും അപമര്യാദയായി പെരുമാറുന്നവർക്കെതിരെ അതതിടത്തെ സുരക്ഷാ ഏജൻസികൾ നടപടി സ്വീകരിക്കും. യാത്രാവിലക്കുള്ളവരുടെ പട്ടിക ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വിമാനക്കമ്പനികൾക്കു നൽകും.വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിലും  ഈ പട്ടിക ലഭ്യമാകും.

സുരക്ഷാ മാനദണ്ഡം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി യാത്രാവിലക്ക് പട്ടിക ഉൾപ്പെടെയുള്ള പുതിയ നിർദ്ദേശങ്ങളുടെ കരട് കേന്ദ്രസർക്കാർ ഈ വർഷം ആദ്യം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ ശിവസേന എംപിയായ രവീന്ദ്ര ഗയ്ക്വാദ് എയർഇന്ത്യ ജീവനക്കാരനെ മർദിച്ചതിനെ തുടർന്ന് യാത്രാവിലക്ക് പട്ടിക രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.