ഇൻഡോർ: രാജ്യാന്തര തലത്തിൽ തന്നെ പണംവാങ്ങി അംഗങ്ങളെ ചേർത്ത് കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ വിതരണം ചെയ്തുവന്ന സംഘം പിടിയിൽ. ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെ 28 രാജ്യങ്ങളിൽ ശൃംഖല സൃഷ്്ടിച്ചു പ്രവർത്തിച്ച സംഘമാണ് ഇൻഡോർ പൊലീസിന്റെ പിടിയിലായത്. ചൈൽഡ്‌പോൺ ഗ്രൂപ്പിന്റെ മുഖ്യ ആസൂത്രകരാണ് പിടിയിലായവരെന്ന് പൊലീസ് വ്യക്തമാക്കി.

ഇൻഡോർ പൊലീസിന്റെ സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. കുറച്ചുദിവസമായി സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചുവരികയായിരുന്നു. ഇൻഡോറിലെ പിത്താംപൂരിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഇലക്ട്രോണിക് എഞ്ചിനീയർ മകരന്ത് സാലുങ്കെ (24), പാത്രക്കട നടത്തുന്ന ഓംകാർ സിങ് റാത്തോർ, എന്നിവരേയും പന്ത്രണ്ടുകാരനായ ഒരു വിദ്യാർത്ഥിയേയും ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് അഡ്‌മിൻ കുവൈറ്റിലിരുന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇയാളെയും അറസ്റ്റുചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് പൊലീസ്.

പണമടച്ച് അംഗങ്ങളാവുന്നവർക്ക് ദൃശ്യങ്ങളും ചിത്രങ്ങളും വാട്‌സ്ആപിലൂടെ കൈമാറുന്ന രീതിയിലായിരുന്നു പ്രവർത്തനം. 454 അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ. 205 പേർ ഇന്ത്യയിൽ നിന്നും 177 പേർ പാക്കിസ്ഥാനിൽ നിന്നും. യുണൈറ്റഡ് സ്റ്റേറ്റ്സ്, കുവൈറ്റ്, കെനിയ, നേപ്പാൾ, മലേഷ്യ, സ്പെയിൻ, ചൈന, തായ്ലാന്റ്, മെക്സിക്കോ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ളവരും അംഗങ്ങളായിട്ടുണ്ട്.

പിടിയിലായവർക്കെതിരെ ഐ.ടി ആക്ട് 67ബി പ്രകാരം കേസെടുത്തു. ഇവരിൽ നിന്ന് മൊബൈൽ ഫോണും കമ്പ്യൂട്ടറും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വേറെയും വാട്‌സ്ആപ് ഗ്രൂപ്പുകൾ ഇവർ സൃഷ്്ടിച്ചിരുന്നോ എന്നതും അന്വേഷിച്ചുവരികയാണ്. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യസംഘം ഉത്തർപ്രദേശിലെ കനൗജിൽ പിടിക്കപ്പെട്ടിരുന്നു. കനൗജ് ഗ്രൂപ്പിന് ഏകദേശം നാൽപത് രാജ്യങ്ങളിൽ അംഗങ്ങൾ ഉണ്ടായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് ഏഴു വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.