ന്യൂഡൽഹി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഡൽഹിയിൽ നിന്നാണ് മൂന്ന് പേർ കേരളം- ഡൽഹി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. അർഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പിടിയിലായ മുന്നുപേരിലൊരാൾ മ്യാന്മർ സ്വദേശിയാണെന്നാണ് വിവരം.

ഇന്നലെ അർദ്ധരാത്രിയാണ് കവർച്ചയുടെ പ്രധാന സൂത്രധാരൻ എന്നു കരുതുന്ന അർഷാദിനെ ഡൽഹിയിലെ ദിൽഷാദ് ഗാർഗന് സമീപമുള്ള ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങളുടെ വലിയൊരു പങ്ക് കണ്ടെത്താനായി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. ഡൽഹി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്.

ഡിസംബർ 15, 16 തീയതികളിൽ വീട്ടുകാരെ ബന്ദിയാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചകളിലാണ് അറസ്റ്റ്. ഓരോ ദിവസത്തെ ഇടവേളയിൽ നടന്ന ഈ മോഷണങ്ങൾ സുരക്ഷാ സംബന്ധമായ ഒട്ടേറെ ചോദ്യങ്ങൾക്കു കാരണമായിരുന്നു. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും.

എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ഡിസംബർ 15ന് പുലർച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയിൽനിന്ന് ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം മോഷണം പോയപ്പോൾ, തൃപ്പൂണിത്തുറയിൽനിന്ന് 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി.

മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഇവിടേക്കു കൂടി വ്യാപിപ്പിച്ചത്. അന്വേഷണമാരംഭിച്ചതിനു പിന്നാലെ കവർച്ച സംഘമെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നഗരത്തിലെ തിയറ്ററിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഡിസംബർ 18ന് തന്നെ മഷ്ടാക്കളെ തേടി കേരളാ പൊലീസ് ആദ്യം മഹാരാഷ്ട്രയിലേക്കാണ് പോയത്. ഉത്തരേന്തക്യയിൽ നിന്നുള്ള ചൗഹാൻ ഗ്യാങഇനെ തേടിയായിരുന്നു പൊലീസ് ഉത്തരേന്ത്യയിലേക്ക് തിരിച്ചത്. ട്രെയിനിൽ വന്ന് കൊള്ള നടത്തിയ ശേഷം ട്രെയിനിൽ തന്നെ മടങ്ങുന്ന ചൗഹാൻ ഗ്യാങിലെ പ്രധാന കണ്ണിയായ വികാസ് ഗോഡാജി ചൗഹാനെ തേടിയായിരുന്നു പൊലീസ് ഉത്തരേന്ത്യയിലേക്ക് പോയത്.

എന്നാൽ അന്വേഷണം വെറുതെയായില്ല. ഡൽഹിയിൽ നിന്നും മൂന്ന് പ്രതികളെ കൂടാൻ പൊലീസിന് കഴിഞ്ഞു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന്റെ ചുവടച് പിടിച്ചായിരുന്നു അന്വേഷണം. കമ്പി വടിയുമായി എത്തിയ സംഘം സിസി ടിവി ക്യാമറയും അടിച്ചു തകർത്തു. മുഖം മറച്ച് കമ്പി വടി അരയിൽ തിരുകുന്ന ആളെ ദൃശ്യങ്ങളിൽ കാണാം. മോഷണത്തിന് മുമ്പ് സംഘം സിനിമ കണ്ടിറങ്ങിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഭീഷണിയുടെ മുൾ മുനയിൽ പുല്ലേപ്പടിയിലെ കവർച്ച
വീട്ടുകാരെ മുഴുവൻ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയായിരുന്നു ഡിസംബർ 15ന് പുലർച്ചെ പുല്ലേപ്പടിയിലെ വീട്ടിൽ നടന്ന കവർച്ച. പുല്ലേപ്പടിയിലെ ഇസ്മയിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന്റെ ഭാര്യ സൈനബയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ വീട്ടുവളപ്പിൽനിന്നു നാടൻ തോക്കിന്റെ തിര കണ്ടെടുത്തിരുന്നു.

വയോധികർ മാത്രമേ വീട്ടിൽ ഉള്ളൂ എന്ന വിശ്വാസത്തിലാണ് പുലർച്ചെ കവർച്ചാ സംഘം എത്തിയത്. വീടിന്റെ മുൻഭാഗത്തെ ജനൽക്കമ്പി കമ്പിപ്പാരയുപയോഗിച്ചു വളച്ചാണു കവർച്ചാ സംഘം വീടിനുള്ളിൽ കടന്നത്. ഈ സമയം സൈനബ അടുക്കളയിലും ഇസ്മയിൽ ശുചിമുറിയിലുമായിരുന്നു. കയ്യിൽ കമ്പിപ്പാരയുമായാണു സംഘം ഇവരെ സമീപിച്ചത്. സ്വർണാഭരണങ്ങൾ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ സൈനബയുടെ കൈയ്ക്കു പരുക്കേൽക്കുകയും ചെയ്തു.

ശബ്ദം കേട്ടു മുകൾ നിലയിൽനിന്നു ഡ്രൈവർ എത്തിയെങ്കിലും കവർച്ചാസംഘം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഇസ്മയിലിന്റെ മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഭയം കാരണം ഇവരും പുറത്തേക്കു വന്നില്ല.

പിറ്റേന്ന് തൃപ്പൂണിത്തുറയിലും സമാനമായ മോഷണം
പിറ്റേദിവസമായ ഡിസംബർ 16ന് തന്നെ തൃപ്പൂണിത്തുറയിലും സമാന രീതിയിലുള്ള മോഷണം അരങ്ങേറി. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ആയുധധാകിരകളായ സംഘത്തിന്റ ആക്രമണത്തിൽ ഗൃഹനാഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും ഇവിടെനിന്ന് കവർന്നിരുന്നു. മാരകായുധങ്ങൾ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു പുലർച്ചെ രണ്ടു മണിയോടെ കവർച്ച നടത്തിയത്.

വീടിന്റെ മുൻഭാഗത്തെ ജനലിന്റെ ഗ്രിൽ പിഴുതു മാറ്റിയാണു കവർച്ചക്കാർ ഇവിടെ അകത്തു കടന്നത്. ആനന്ദകുമാർ (49), അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46), മക്കൾ ദീപക്, രൂപക് എന്നിവരെ വീടിന്റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയിൽ കണ്ടെത്തി.

സമാനമായ മോഷണ രീതി
പുല്ലേപ്പടിയിൽ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടും നടത്തിയ കവർച്ചകൾ ഏറെ സമാനതകളുള്ളതായിരുന്നു. സമീപവാസികളും വീട്ടുകാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുസ്ഥലത്തെയും മോഷണങ്ങൾ ഒരേ സ്വഭാവമുള്ളതാണെന്നു പൊലീസ് കണ്ടെത്തിയത്.

മോഷണം നടന്ന പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീടുകൾ തമ്മിൽ റെയിൽവേ ട്രാക്കുമായി വളരെ അടുത്താണ്. രണ്ടു സ്ഥലത്തും കവർച്ച നടത്തിയതു വീടിന്റെ ജനൽ ഗ്രില്ലുകൾ പിഴുതുമാറ്റിയാണ്. ഇരു സ്ഥലത്തും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.

മാരകമല്ലാത്ത ആയുധങ്ങൾകൊണ്ടാണ് ഇരകളെ ആക്രമിച്ചത് തൃപ്പൂണിത്തുറയിൽ ഗൃഹനാഥനെ മരക്കമ്പുകൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിച്ചു. പുല്ലേപ്പടിയിൽ പാര കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. പുല്ലേപ്പടിയിൽ നാടൻ തോക്കിന്റെ തിര പ്രതികൾ അവശേഷിപ്പിച്ചു.

തൃപ്പൂണിത്തുറയിൽ പ്രതികൾ ഗേറ്റിൽനിന്ന് അറുത്തെടുത്ത കമ്പിയുടെ കഷ്ണവും ആഭരണങ്ങൾ മുറിച്ചെടുക്കുന്ന കട്ടിങ് പ്ലെയറും ഉപേക്ഷിച്ചു. രണ്ടിടത്തും സ്വർണാഭരണങ്ങൾക്കാണു കവർച്ചക്കാർ പ്രാധാന്യം കൊടുത്തത്. പുല്ലേപ്പടിയിൽ അഞ്ചു പവൻ കവർന്നപ്പോൾ തൃപ്പൂണിത്തുറയിൽ 54 പവൻ കവർന്നു.

അന്വേഷണം ഉത്തരേന്ത്യൻ സംഘത്തിലേക്ക്
മംഗലാപുരത്തുണ്ടായ സമാനമായ മോഷണമാണ് അന്വേഷണം ഉത്തരേന്ത്യൻ സംഘത്തിലേക്ക് വ്യാപിപ്പിക്കാൻ കാരണം. മുൻകാല കേസുകൾ പരിശോധിച്ചപ്പോൾ തിരുവനന്തപുരത്ത് 2009ൽ സമാനമായ കേസുകൾ ഉണ്ടായതായി വ്യക്തമാക്കി. ആ അന്വേഷണത്തിൽ നിന്നും വികാസ് ഗോഡാജി ചൗഹാൻ എന്ന മുംബൈക്കാരനിലാണ് അന്വേഷണം എത്തിയത്. കേരളത്തിൽ മോഷണത്തിന് അറസ്റ്റിലായ ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോയിരുന്നു.

തുടർന്ന് വികാസ് ഗോഡാജിയെയും സംഘത്തെയും കുറിച്ച് അന്വേഷിക്കാൻ കേരളാ പൊലീസ് മഹാരാഷ്ട്രയിലേക്ക് വണ്ടി കയറി. തുടർന്ന് നടത്തിയ അന്വേഷണമാണ് ഡൽഹിയിലേക്ക് നീണ്ടതും പ്രതികളിൽ മൂന്ന് പേരെ പിടികൂടാൻ സഹായിച്ചതും.