തൃശൂർ: മകളെ കളിയാക്കിയതു ചോദ്യം ചെയ്ത ഗൃഹനാഥനെ കൊന്ന സംഭവത്തിൽ മുന്നു പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട പി വി രമേഷിന്റെ അയൽവാസികളും ചാവക്കാട് പാലയൂർ സ്വദേശികളുമായ സത്യൻ, ഹവാസ്, ദീപക് എന്നിവരെയാണ് പിടികൂടിയത്.

തൃശൂർ മലപ്പുറം ജില്ലാ അതിർത്തി പ്രദേശത്ത് നിന്നാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്. കൊല്ലപ്പെട്ട പാലുവായ് വാറനാട് വീട്ടിൽ പി.വി. രമേഷിന്റെ അയൽവാസികളാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതിനാൽ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോൺഗ്രസ് വാർഡ് പ്രസിഡന്റ് കൂടിയായ പി. വി. രമേഷ് കൊല്ലപ്പെട്ടത്.

മകനും മകളുമായി ബൈക്കിൽ പോകുമ്പോൾ മദ്യപസംഘം കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്. മകനും മകളുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ മദ്യപിച്ച സംഘം കളിയാക്കുകയായിരുന്നു. മക്കളെ വീട്ടിലാക്കിയ ശേഷം തിരികെയെത്തി ഇതിനേക്കുറിച്ച് മദ്യപസംഘത്തോട് ചോദിച്ചതാണ് മർദനത്തിനു കാരണമായത്. സംഘർഷത്തിനിടെ കുഴഞ്ഞുവീണ രമേഷിനെ വീട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.