മധുര: മലപ്പുറത്ത് കോടതിവളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) നാലു പേരെ അറസ്റ്റ് ചെയ്തു. കരീം, അബാസ് അലി, അയൂബ്, ദാവൂദ് സുലൈമാൻ എന്നിവരാണ് പിടിയിലായത്.

ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യം മൂന്നു പേരെയാണു പിടികൂടിയത്. ദാവൂദ് സുലൈമാനെ പിന്നീടാണ് വലയിലാക്കാൻ കഴിഞ്ഞത്. സംഭവവുമായി ബന്ധമുള്ള ഹക്കീം എന്നയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

മൈസൂർ, നെല്ലൂർ, ചിറ്റൂർ കോടതിവളപ്പുകളിലും കൊല്ലം, മലപ്പുറം മാതൃകയിൽ സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഈ സ്‌ഫോടനങ്ങൾക്കെല്ലാം പിന്നിൽ അറസ്റ്റിലായവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി. കൊല്ലത്തെ കോടതി വളപ്പിൽ കിടന്ന ജീപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഇവർ പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ എൻഐഎ ചോദ്യം ചെയ്യുകയാണ്.

ഇവർക്ക് അൽ ഖായിദയുമായും ബേസ് മൂവ്മെന്റുമായും അടുത്ത ബന്ധമുണ്ടെന്നാണു എൻഐഎ അറിയിച്ചത്. മലപ്പുറം കളക്റ്റ്രേറ്റിനു പുറമേ കൊല്ലം കളക്റ്റ്രേറ്റിൽ നടന്ന സ്ഫോടനത്തിനു പിന്നിലും ഈ മൂന്നുപേർ തന്നെയാണെന്ന് എൻഐഎ പറഞ്ഞു. ഇതിനു പുറമേ, മൈസൂർ, ചിറ്റൂർ, നെല്ലൂർ സ്ഫോടനങ്ങൾക്കു പിന്നിലും ഈ സംഘം തന്നെയാണ്. ഇവിടങ്ങളിൽ എല്ലാം കോടതി വളപ്പിലായിരുന്നു സ്ഫോടനം നടന്നത്.

തീവ്രവാദികളുടെ അറസ്റ്റ് ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം സ്ഫോടനങ്ങളുമായി ബന്ധമുള്ളവർ തന്നെയാണ് പിടിയിലായതെന്ന് ഡിജിപി അറിയിച്ചു. ഈമാസം ഒന്നിനാണ് മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടനമുണ്ടായത്. സ്ഥലത്ത് നിന്ന് ബേസ് മൂവ്മെന്റിന്റെ പേരിൽ ഒരു പെട്ടി ലഭിച്ചിരുന്നു. ദാദ്രി സംഭവത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കിനെ പിന്തുണയ്ക്കുന്ന കത്തും പെൻഡ്രൈവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ദ ബേസ് മൂവ്മെന്റ് എന്ന പേരിലാണ് കത്ത് പെട്ടിയിലാക്കി വച്ചിരുന്നത്. ദാദ്രി ആവർത്തിച്ചാൽ ഇത്തരം സ്ഫോടനങ്ങൾ വീണ്ടും നടക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ടായിരുന്നു. ഹോമിയോ ഡിഎംഒയുടെ വാഹനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.