കണ്ണൂർ: തോട്ടട ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കണ്ണൂർജില്ലയിലെ രാഷ്ട്രീയ സംഘർഷ പ്രദേശങ്ങളിൽ പൊലിസ് ബോംബുകളും ആയുധങ്ങളും കണ്ടെത്താനായി വ്യാപകമായ റെയ്ഡു നടത്തി. തലശേരി മേഖലയിൽ നടത്തിയ റെയ്ഡിൽ മൂന്ന് ബോംബുകൾ കണ്ടെത്തി.

എരഞ്ഞോളി മലാൽ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായിപൊലിസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിർവീര്യമാക്കി.
സംഭവത്തിൽ തലശേരിടൗൺ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലിസിനെതിരേ വിമർശനമുയർന്നിരുന്നു.രാഷ്ട്രീയ സംഘർഷ മേഖലകളിൽ വ്യാപകമായ ബോംബു നിർമ്മാണം നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം.ഇതിനെ തുടർന്നാണ് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവൻ റെയ്ഡു നടത്താൻ നിർദ്ദേശിച്ചത്. വരും ദിനങ്ങളിലും തലശേരി താലൂക്കിൽ റെയ്ഡു തുടരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.