ചെന്നൈ: കാറിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാഗരാജിന്റെ മക്കളായ നിതീഷാ (7), നിതീഷ് (5) എന്നിവരും അയൽവാസിയായ സുധന്റെ മകൻ കബിശാന്തുമാണ്(4) മരിച്ചത്. തിരുനൽവേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം.

ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും. ദിവസങ്ങൾക്ക് മുമ്പ് നാഗരാജിന്റെ സഹോദരൻ മണികണ്ഠൻ വീടിന് സമീപം ഹോണ്ട കാർ പാർക്ക് ചെയ്തിരുന്നു. കാറിന്റെ പിൻവാതിൽ പുറത്ത് നിന്ന് മാത്രമേ തുറക്കാൻ കഴിയുമായിരുന്നൊള്ളു. കാറിൽ കയറിയ മൂന്ന് കുട്ടികളും കുടുങ്ങി.

വൈകുന്നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിനാലാണ് രക്ഷിതാക്കൾ തിരച്ചിൽ നടത്തിയത്. കുട്ടികൾ കാറിനു സമീപം കളിക്കുന്നത് കണ്ടെന്ന ഒരാൾ അറിയിച്ചതിനെത്തുടർന്നാണ് ഇവർ ഇവിടേക്കെത്തിയത്. ഈ സമയം മൂന്ന് കുട്ടികളും കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കാറിന്റെ ഡോർ തകർത്ത് കുട്ടികളെ പുറത്തെടുത്തു. കുട്ടികളെ പനഗുഡി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.