മെൽബൺ: ആരോഗ്യമേഖലയിൽ വൻ അഴിച്ചുപണിക്ക് സൗത്ത് ഓസ്‌ട്രേലിയ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അഡ്‌ലൈഡിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലെ സേവനം വെട്ടിച്ചുരുക്കുന്നതായി ഹെൽത്ത് മിനിസ്റ്റർ ജാക്ക് സ്‌നെല്ലിങ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന മൂന്ന് മെട്രോപൊലീറ്റൻ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളാണ് അടയ്ക്കുന്നത്.

അത്യാവശ്യക്കാർ റോയൽ അഡ്‌ലൈഡ് ഹോസ്പിറ്റൽ, ലിയെൻ മക്വെിൻ ഹോസ്പിറ്റൽ, ഫ്‌ലിൻഡേഴ്‌സ് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് ജാക്ക് സ്‌നെല്ലിങ് അറിയിക്കുന്നത്. മോഡ്ബറി, ക്യൂൻ എലിസബത്ത്, നോർലുംഗ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ സേവനം ചുരുക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ എല്ല് ഒടിഞ്ഞ കേസുകൾ പോലെ ജീവനു ഭീഷണിയില്ലാത്ത രോഗങ്ങൾക്കു മാത്രമേ ചികിത്സ നൽകുന്നുള്ളൂ എന്നാണ് അറിയിച്ചിട്ടുള്ളത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആരോഗ്യമേഖലയിലെ പുതിയ പരിഷ്‌ക്കാരങ്ങളെതുടർന്നാണ് മൂന്ന് ആശുപത്രികളിലെ എമർജൻസി വിഭാഗം അടയ്ക്കുന്നത്. ആറു മെട്രോപൊലീറ്റൻ ആശുപത്രികളിലും 24 മണിക്കൂർ മികച്ച സേവനം ആവശ്യമില്ലെന്ന് കാണിച്ചാണ്  ആശുപത്രികളിലെ എമർജൻസി വിഭാഗം അടച്ചു പൂട്ടുന്നത്. പകരം റോയൽ അഡ്‌ലൈഡ് ഹോസ്പിറ്റൽ, ലിയെൻ മക്വെിൻ ഹോസ്പിറ്റൽ, ഫ്‌ലിൻഡേഴ്‌സ് മെഡിക്കൽ സെന്റർ എന്നിവ സൂപ്പർ ഡിപ്പാർട്ട്‌മെന്റുകളായി മാറ്റുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി അറിയിക്കുന്നു. പബ്ലിക് ഹെൽത്ത് സംവിധാനത്തിൽ അടുത്ത മാസം മുതൽ വരുത്താനുദ്ദേശിക്കുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ഈ വെട്ടിച്ചുരുക്കലുകൾ.

സംസ്ഥാനത്ത് മൂന്ന് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളെ ആവശ്യമേയുള്ളൂവെന്നും മറ്റു മൂന്ന് ആശുപത്രികളിലും സൂപ്പർ ഡിപ്പാർട്ട്‌മെന്റുകളായി പരിഷ്‌ക്കരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. സൂപ്പർ ഡിപ്പാർട്ട്‌മെന്റുകൾ നടപ്പിലാക്കുക വഴി ഏതുതരത്തിലുള്ള രോഗികൾക്കും മെച്ചപ്പെട്ട ചികിത്സ ലക്ഷ്യമാകുമെന്നും അഡ്‌ലൈഡിൽ ആകെമാനം ആറു എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ കൊണ്ട് ഏറെ കാര്യമൊന്നുമില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. സൂപ്പർ ഡിപ്പാർട്ട്‌മെന്റുകളായി മാറ്റുന്ന ആശുപത്രികളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

അടുത്തമാസം മുതൽ പരിഷ്‌ക്കാരം നിലവിൽ വരുന്നതിനൊപ്പം തന്നെ മെഡിക്കൽ സ്റ്റാഫുകളുടെ നിയമനത്തിലും വ്യത്യാസം ഉണ്ടാകും. പുതിയ പരിഷ്‌കാരം സംബന്ധിച്ച് ഡോക്ടർമാർ, നഴ്‌സുമാർ, അനുബന്ധ ഹെൽത്ത് വർക്കർമാർ ഇവർക്കൊക്കെ പ്രത്യേക പരിശീലനം നൽകും. നിലവിലുണ്ടായിരുന്ന ആറു എമർജൻസി ഡിപ്പാർട്ട്‌മെന്റുകളുടേയും ആവശ്യമില്ലായിരുന്നുവെന്നും ഡോക്ടർമാർക്ക് അവരുടെ സർവീസിൽ ഇത് ഒട്ടും ഗുണകരമായിരുന്നില്ലെന്നും ജാക്ക് സ്‌നെല്ലിങ് പറയുന്നു.