മൂന്നാർ: ഇടുക്കി കുഞ്ചിത്തണ്ണി നെല്ലിക്കാട് ജോൺസൺ എസ്റ്റേറ്റിൽ മരം വീണു മൂന്നു തോട്ടം തൊഴിലാളികൾ മരിച്ചു. ബൈസൺവാലി നെല്ലിക്കാട് ജോൺസൺ എസ്റ്റേറ്റിലെ തൊഴിലാളികളായ നെല്ലിക്കാട് സ്വദേശികളായ ചിറ്റേടത്ത് കുന്നേൽ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40), പൊട്ടൻകാട് പനച്ചിക്കൽ ഷാജിയുടെ ഭാര്യ മേഴ്‌സി (45) എന്നിവരാണ് മരിച്ചത്.

ഏഴുപേർ ഗുരുതര പരിക്കേറ്റു ചികിത്സയിലാണ്. ശക്തമായ കാറ്റിൽ ഉണക്കമരം കടപുഴകി ദേഹത്തു പതിച്ചാണ് ഏലത്തോട്ടത്തിൽ പണിയെടുത്തിരുന്ന മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കുപറ്റിയ തൊഴിലാളികളെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചിരുന്നു. നില ഗുരുതരമായി തുടർന്ന മേഴ്‌സിയും പിന്നീട് മരിക്കുകയായിരുന്നു. പരിക്ക് പറ്റിയ മറ്റുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.