ബെംഗളൂരു: മലയാളി ഭർത്താവിനൊപ്പം താമസിപ്പിക്കാൻ ഇന്ത്യയിലെത്തിയ പാക് യുവതിയും രണ്ടു സുഹൃത്തുകളും ബെംഗളൂരുവിൽ അറസ്റ്റിലായി. പാക് യുവതിയുടെ ഭർത്താവ് കണ്ണൂർ സ്വദേശിയും പിടിയിലായി. കറാച്ചി സ്വദേശികളായ കിരൺ ഗുലാം അലി, കണ്ണൂർ സ്വദ്വേശി മുഹമ്മദ് ഷിഹാബ്, കിരണിന്റെ സുഹൃത്തും ദമ്പതികളുമായ സമീറ അബ്ദുൾ റഹ്മാൻ, ഖാസിഫ് ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കുമാരസ്വാമി ലേ ഔട്ടിലെ യാരബ് നഗരയിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് ഇവരെ പിടികൂടിയത്.

വ്യാജ തിരിച്ചറിയൽ രേഖകളുപയോഗിച്ചാണ് ഇവർ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. കണ്ണൂർ സ്വദേശഇ മുഹമ്മദ് ഷിഹാബാണ് താമസത്തിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത്. ആധാർ അടക്കമുള്ള വ്യാജ രേഖകൾ ഇവരിൽനിന്നും പിടിച്ചെടുത്തു. അതേസമയം പിടിയിലായവർക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് അന്വേഷണ സംഘം അറിയിച്ചു.

കണ്ണൂർ സ്വദേശി മുഹമ്മദ് ഷിഹാബ് ഖത്തറിൽ ജോലി ചെയ്യവേ പാക്കിസ്ഥാനിലെ കറാച്ചി സ്വദേശികളുമായി പരിചയത്തിലാകുകയായിരുന്നു. ഈ പരിചയമാണ് സമീറയുമായി പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയതെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ദമ്പതികൾക്കിടയിൽ ബന്ധം മുറിച്ചു. തുടർന്നാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം സമീറ ഇന്ത്യയിലെത്തുന്നത്. ഒമ്പതു മാസം മുമ്പാണ് ഇവർ ബെംഗളൂരിവിലെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പ്രവീൺ സൂദ് പറഞ്ഞു.

സമീറയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ കിരൺ ഗുലാം അലിയും ഖാസിഫ് ഷംസുദ്ദീനും. ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ ഇവരുടെ വിവാഹത്തിന് ബന്ധുക്കൾ എതിരായിരുന്നു. ബന്ധുക്കളുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ സമീറക്കൊപ്പം ഇന്ത്യയിലെത്തിയതെന്നാണ് വിവരം. ഇവർക്കായി തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി നൽകിയതും താമസ സൗകര്യങ്ങൾ ഒരിക്കിയതും മുഹമ്മദ് ഷിഹാബാണെന്നാണ് വിവരം.

ഇവരുടെ പക്കൽ മതിയായ യാത്രാ രേഖകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല . എന്നാൽ ആധാർ കാർഡുകൾ, വോട്ടേഴ്‌സ് ഐഡന്ററ്റി കാർഡുകൾ എന്നിവ ഉണ്ടായിരുന്നു. നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സംശയകരമായ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നുവോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.