- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാളെ മർദ്ദിച്ച സംഭവം; മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ; ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തതായും എസ് പി; മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
തിരുവനന്തപുരം: സ്വകാര്യ വഴിയിൽ മൂത്രം ഒഴിച്ച പൊലീസുകാരെ ചോദ്യം ചെയ്ത റെയിൽവേ ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്കു സസ്‌പെൻഷൻ.സംഭവം വിവാദമായതിനെത്തുടർന്നു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിബാസ്, ജബിൻ, പ്രശാന്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.അന്വേഷണവിധേയമായാണു സസ്‌പെൻഡ് ചെയ്തതെന്നും ഇവർക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും എസ്‌പി കെ.കാർത്തിക് അറിയിച്ചു.
മർദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.കിളിമാനൂർ ബവ്‌കോ ഔട്ലെറ്റിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12നാണു സംഭവം.കിളിമാനൂരിൽ വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ മൂത്രം ഒഴിക്കുന്നതാണ് റെയിൽവേ ഉദ്യോഗസ്ഥനായ ഊമൺപള്ളിക്കര ഇരട്ടച്ചിറ റീനാഭവനിൽ ആർ.രജീഷ് ചോദ്യം ചെയ്തത്.നഗരൂരിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് മർദിച്ചത്.
പൊലീസുകാർ വാനിലാണ് എത്തിയത്. സ്വകാര്യ വഴിയിൽ മൂത്രം ഒഴിക്കുന്നത് വിലക്കിയ രജീഷിനെ അസഭ്യം വിളിക്കുകയും മർദിക്കുകയുമായിരുന്നു.തലയിലും മുഖത്തും ഇടിക്കുകയും മർമസ്ഥാനത്ത് തൊഴിക്കുകയും ചെയ്തു.എംസി റോഡിൽനിന്ന് 60 മീറ്റർ ഉള്ളിലേക്ക് മാറിയാണ് വീട്. ഈ ഭാഗത്ത് പതിവായി ആളുകൾ മൂത്രമൊഴിക്കുന്നതിനാൽ വഴി നടക്കുന്നത് ബുദ്ധിമുട്ടായി.സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി പോകുന്നതിനും മദ്യപന്മാരുടെ ഭീഷണിയുണ്ടായിരുന്നു.
അതുകൊണ്ടാണ് സ്വകാര്യസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് വിലക്കിയതെന്ന് രജീഷ് പറയുന്നു.'മദ്യലഹരിയിലായിരുന്ന 3 പൊലീസുകാർ ചേർന്ന് എന്നെ ക്രൂരമായി മർദിച്ചു. പിന്നാലെ പതിനഞ്ചോളം പൊലീസുകാർ ഓടിയെത്തി. അപ്പോഴേക്കും ഞാൻ ഇടിയേറ്റ് നിലത്തുവീണിരുന്നു. നിലത്തു വീണിട്ടും മർദനം തുടർന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുമെന്നായപ്പോൾ പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
പക്ഷേ വാഹനത്തിൽ എല്ലാവർക്കും കയറിപ്പറ്റാനായില്ല. ഇരുപതോളം പേർ ആ വാഹനത്തിലുണ്ടായിരുന്നു. നാട്ടുകാർ ഓടിയെത്തിയതുകൊണ്ടുമാത്രമാണ് കേസെടുക്കാൻ കിളിമാനൂർ പൊലീസ് തയാറായതെന്നും രജീഷ് വ്യക്തമാക്കുന്നു.മദ്യലഹരിയിലായിരുന്ന പൊലീസുകാർ മർദിച്ചെന്ന് പരാതി നൽകിയെങ്കിലും കേസെടുക്കാൻ കിളിമാനൂർ പൊലീസ് ആദ്യം തയാറായില്ല.പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇവരുടെ രക്തപരിശോധനയ്ക്ക് ആദ്യം തയാറായില്ല. പരാതിയെത്തുടർന്നാണ് രക്തം ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.
മറുനാടന് മലയാളി ബ്യൂറോ