കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ ലോക്കപ്പിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ റൂറൽ എസ്‌പിയുടെ ടൈഗർ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു. ലോക്കപ്പ് മർദ്ദനത്തിന് ദൃക്‌സാക്ഷികളായ മറ്റ് പ്രതികളുടെ കൂടി മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അറസ്റ്റ്.

വകുപ്പ് 302 അനുസരിച്ച് കുറ്റം ചുമത്തിയാണ് മൂന്ന് പൊലീസുകാരെ പ്രാഥമികമായി അറസ്റ്റു ചെയ്തതായി പിന്നീട് ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും സത്യസന്ധമായി അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് വ്യക്തമാക്കി. അറസ്റ്റുചെയ്ത പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. അവരെ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇവരെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കണ്ടതുണ്ടെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി.

ക്സ്റ്റഡിയിലെടുത്ത സമയത്ത് മർദ്ദിച്ചുവെന്ന നിർണായക സാക്ഷിമൊഴികൾ പരിഗണിച്ച് ആണ് ആർടിഎഫ് അംഗങ്ങളെ ആദ്യം അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അതുകഴിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നുമാണ് സൂചന. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സന്തോഷ്, സുമേഷ്, ജിതിൻരാജ് എന്നീ പൊലീസുകാരാണ് അറസ്റ്റിലായത്. വീട്ടിൽവച്ച് വലിച്ചിഴച്ച് പുറത്തിട്ട് ശ്രീജിത്തിനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത് ഇവരായിരുന്നു എന്നാണ് അയൽക്കാർ ഉൾപ്പെടെ മൊഴി നൽകിയിരുന്നത്.

അന്വേഷണം അന്തിമഘട്ടത്തിൽ എത്തുകയും തെളിവുകളെല്ലാം ലഭിക്കുകയും ലോക്കപ്പ് മർദ്ദനത്തിന്റെ ചിത്രം വ്യക്തമാകുകയും ചെയ്തതോടെയാണ് അറസ്റ്റിന് ഡിജിപിയിൽ നിന്നും പച്ചക്കൊടി ലഭിച്ചത്. കേസിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ ഇന്ന് ആലുവ പൊലീസ് ക്‌ളബിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണ് സംഭവത്തിലെ സാക്ഷികളായ വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ ലോക്കപ്പ് കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകിട്ടിയത്.

ഇന്ന് രാവിലെ മുതൽ അവരുടെ മൊഴിയെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായും ഒരുമിച്ചും ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി. വൈകീട്ടോടെ ഐജി ശ്രീജിത്ത് പൊലീസ് ക്്‌ളബ്ബിലെത്തി. ഇതിനിടെ അറസ്റ്റ് ്‌വൈകിക്കേണ്ടതില്ലെന്ന സന്ദേശവും ഡിജിപി കൈമാറി. സംഭവം ഏറെ ചർച്ചയായ സാഹചര്യത്തിൽ നടപടി ഉടൻ ഉണ്ടാവണമെന്ന് സർക്കാരും നിർദ്ദേശിച്ചിരുന്നു. അങ്ങനെയാണ് ഇന്നുതന്നെ പൊലീസുകാരുടെ അറസ്റ്റിന് കളമൊരുങ്ങിയത്.

പറവൂർ സിഐ അടക്കമുള്ളവരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റേയും പിന്നീട് ലോക്കപ്പിൽ മർദ്ദിച്ചതിന്റേയും ഉത്തരവാദികൾ എന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇതിൽ റൂറൽ എസ്‌പി എവി ജോർജിന്റെ നേതൃത്വത്തിലുള്ള ടൈഗർ ഫോഴ്‌സ് (ആർടിഎഫ്) ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ഇതിൽ മൂന്നുപേരാണ് ആദ്യം സസ്‌പെൻഡ് ചെയ്യപ്പെട്ടത്. പിന്നാലെ അ്‌ന്വേഷണം ആരംഭിക്കുകയും അതോടെ പറവൂർ സിഐ, വരാപ്പുഴ എസ്‌ഐ, രണ്ട് പൊലീസുകാർ എന്നിവരേയും സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം മുന്നോട്ടുപോയത്. എന്നാൽ ആർടിഎഫുകാരാണ് മർദ്ദിച്ചതെന്ന് സ്റ്റേഷനിലെ പൊലിസുകാരും അല്ല സ്റ്റേഷനിലെ ലോക്കപ്പിൽവച്ചാണ് ശ്രീജിത്തിനെ തല്ലിച്ചതച്ചതെന്ന് ആർടിഎഫുകാരും മൊഴി നൽകി.

ഇതോടെയാണ് ആ സമയത്ത് ലോക്കപ്പിൽ ഉണ്ടായിരുന്ന മറ്റ് പ്രതികളുടെ മൊഴിയെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. ഇന്നലെ ഇവരെ കസ്റ്റഡിയിൽവാങ്ങി ലോക്കപ്പ് മർദ്ദനം അന്വേഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ഇതിന് മുമ്പുതന്നെ ഇവർ തങ്ങൾക്കും ശ്രീജിത്തിനും സ്റ്റേഷനിൽ വച്ച് എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിൽ മർദ്ദനമേറ്റുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വയറിൽ ചവിട്ടിയെന്നും ഇവർ മൊഴി നൽകി. വീട്ടിൽ നിന്ന് പിടികൂടുമ്പോൾ ആർടിഎഫ് അംഗങ്ങൾ മർദ്ദിച്ചതായി ശ്രീജിത്തിന്റെ വീട്ടുകാരും സഹോദരനും മൊഴി നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. മൂന്നുപേരുടെ അറസ്റ്റ് നടന്നത് ആർടിഎഫുകാരുടേതാണെങ്കിലും സ്ിഐയും എസ്‌ഐയും ഉൾപ്പെടെ സ്റ്റേഷനിലെ പൊലീസുകാർക്ക് എതിരെയടക്കം നടപടി ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്.