സ്റ്റോക്ക്‌ഹോം: സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിന് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ. മൂന്ന് ശാസ്ത്രജ്ഞർ ചേർന്നാണ് നോബൽ പങ്കിടുന്നത്. അമേരിക്കൻ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേർണർ, ജർമൻ ഗവേഷകൻ സ്‌റ്റെഫാൻ ഹെൽ എന്നിവർക്കാണ് പുരസ്‌ക്കാരം.

നൂറു വർഷത്തെ രസതന്ത്ര നോബൽ സമ്മാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പകുതിയോളം ജൈവ രസതന്ത്ര ശാസ്ത്രജ്ഞരും മറ്റു സമാനശാഖകളും നേടിയെടുത്തതായി കാണാം. 2014 ലെ രസതന്ത്ര നോബൽ സമ്മാനങ്ങളും അങ്ങനെ തന്നെ. പരമ്പരാഗത ദൂരദർശിനികളുടെ പരിധിക്കും അപ്പുറത്തേക്ക് കടന്നു ചെല്ലാൻ നമ്മെ പര്യാപ്തമാക്കിയ അതിസൂക്ഷ്മ ഫ്‌ലൂറസെന്റ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിന് ജൈവ രസതത്ര ശാസ്ത്ര ലോകം വീണ്ടും നോബൽ നേടി.

പരമ്പരാഗത ദൂരദർശിനികൾ വഴി  പ്രകാശത്തിന്റെ പകുതി തരംഗ ദൈർഘ്യത്തിന് അപ്പുറത്തേക്കുള്ള ചിത്രങ്ങളെ വ്യക്തമായി കാണുവാൻ നമുക്കു സാധിച്ചിരുന്നില്ല. ജൈവ  രസതന്ത്ര പ്രവര്ത്തനങ്ങളെയും പ്രതി പ്രവര്ത്തനങ്ങളേയും മറ്റും വിശദമായി മനസിലാക്കുന്നതിന് ഇതു വളരെ വലിയ പരിമിതിയായി ഏറെക്കാലം നിലനിന്നു. ജർമൻ ശാസ്ത്രകാരനും കാൾ സീസ് ലെൻസുകളുടെ സ്ഥാപകനും ആയ  ഏണ്സ്റ്റ് ആബെ 1873 ല് സൂക്ഷ്മദർശിനികൾക്ക് കാട്ടിത്തരാവുന്ന ദൃശ്യങ്ങള്ക്കുള്ള പരിധി 0.2 മൈക്രോമീറ്റർ (ഒരു മില്ലിമീറ്ററിന്റെ ആയിരത്തില് ഒരംശം) വരെ മാത്രമാണെന്നുള്ള കണ്ടെത്തൽ്  മുന്നോട്ടു വച്ചു.

ഒരു നൂറ്റാണ്ടോളം ഈ അതിരിനു പുറത്തേക്കു കടന്നു ചെല്ലാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ നമുക്കു കഴിഞ്ഞിരുന്നില്ല. ഈ രംഗത്തെ മാറ്റത്തിനു നാന്ദിയായത് 1994 ൽ സ്റ്റെഫാൻ ഹെൽ 'സ്റ്റെഡ്' മൈക്രോസ്‌കോപ്പി വികസിപ്പിക്കുന്നതോടെയാണ്.  വിശിഷ്ട ധവളപ്രകാശം ഉണ്ടാക്കാൻ കഴിവുള്ള ഫ്‌ളൂറോ ഫോർ  സംയുക്തങ്ങളുടെ സഹായത്തോടെ   അതി വിശ്ലേഷിത സൂക്ഷ്മ ദർശിനികൾ നിർമ്മിക്കുവാൻ നമുക്കായി. തൊണ്ണൂറുകളുടെ അവസാനത്തോടെ നാനോ തലങ്ങളിൽ (മില്ലിമീറ്ററിന്റെ പത്തു ലക്ഷത്തില് ഒരംശം) കൂടുതൽ സൂക്ഷ്മതയും വ്യക്തതയും ഉള്ള ദൃശ്യങ്ങൾ ലഭ്യമാക്കുവാൻ ഈ കണ്ടുപിടിത്തങ്ങൾക്ക് കഴിഞ്ഞു.

ഇതോടൊപ്പം തന്നെ കഴിഞ്ഞ ദശകത്തിൽ എറിക്കും മോർനറും ചേർന്നു വികസിപ്പിച്ച ഏക തന്മാത്രാ മൈക്രോസ്‌കോപ്പി കൂടി വ്യാപകമായതോടെ സൂക്ഷ്മ തലത്തിലെ പഠനങ്ങളെ മൈക്രോ പരിധിയിൽ നിന്നും നാനോ പരിധിയിലേക്ക് എത്തിച്ചു  ആബെയുടെ പരിധിയെ മറികടക്കാൻ ശാസ്ത്ര ലോകത്തിനായി ജൈവ രസതന്ത്രം , ആരോഗ്യമേഖല എന്നിവിടങ്ങളിൽ വലിയ വിപ്ലവം ഇതുണ്ടാക്കി.

അതി വിശ്ലേഷിത സൂക്ഷ്മ ദർശിനികൾ വഴി  രോഗനിർണയം, ജൈവകോശ  നാഡീവ്യൂഹപഠനങ്ങൾ തുടങ്ങിയ മേഖലകളിൽ  ജൈവ തന്മാത്രകളെ നശിപ്പിക്കതെയോ അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതെയോ സൂക്ഷ്മ തലങ്ങളിൽ കൂടുതൽ വിശദമായ പഠനങ്ങൾക്കും പരിശോധനകൾ്ക്കും അവയെ വിധേയമാക്കാൻ കഴിയും.

സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്‌ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇവരുടേതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു. ചികിൽസാ രംഗത്ത് ഏറെ വിപ്ലവം സൃഷ്ടിക്കാൻ പോന്നതാണ് ഈ കണ്ടുപടിത്തം. നാനോസ്‌കോപ്പി എന്ന് പൊതുവിൽ അറിയിപ്പെടുന്ന ഈ സംവിധാനം ജീവകോശങ്ങളിലെ ഓരോ കണികയേയും തിരിച്ചറിയാൻ സഹായിക്കും.

പാർക്കിൻസൺസ്, അൽഷൈമേഴ്‌സ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഏറെ സഹായകരമായിരുന്നു ഈ കണ്ടുപിടുത്തം. 1960 ൽ അമേരിക്കയിൽ ജനിച്ച ബെറ്റ്‌സിഗ് അമേരിക്കയിലെ ഹവാർഡ് ഹഗസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 1953 ൽ അമേരിക്കയിൽ ജനിച്ച വില്യം ഇ. മേർണർ സ്റ്റാൻഫോർഡ് സർവകാലാശാലയിലെ പ്രൊഫസറാണ്. 1962 ൽ റുമാനിയയിൽ ജനിച്ച സ്‌റ്റെഫാൻ ഹെൽ ജർമൻ കാൻസർ റിസേർച്ചിന്റെ മേധാവിയാണ്.