കൊച്ചി: കൊച്ചിയിൽ യൂബർ ടാക്‌സി ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ വാദം പൂർണ്ണമായും പൊള്ളയാണെന്ന് വീണ്ടും വ്യക്തമാകുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ പൊലീസാണ് പ്രതിക്കൂട്ടിലാകുന്നത്. ജാമ്യമില്ലാത്ത വകുപ്പിൽ യുവതികെളെ അറസ്റ്റു ചെയ്യുന്നതിന് പകരം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

ഓൺലൈൻ ടാക്സി ഡ്രൈവർക്കു മർദ്ദനമേറ്റ സംഭവത്തിൽ തെറ്റ് പൂർണമായും യുവതികളുടെ ഭാഗത്താണെന്നാണ് സാക്ഷിയായ യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികൾ സംഘം ചേർന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നു സംഭവം നടന്ന സമയത്തു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ ഷിനോജ് പറഞ്ഞു.

ഡ്രൈവർ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും ഷിനോജ് പറയുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ തുടക്കം മുതൽ കണ്ട ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ഷിനോജ്. പൂൾ ടാക്്സി പ്രകാരം വിളിച്ച വാഹനത്തിൽ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികൾ ഷഫീക്കിനോട് കയർത്തു. എന്നാൽ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടർന്ന് യുവതികൾ അക്രമാസക്തരാകുകയായിരുന്നെന്നു ഷിനോജ് വെളിപ്പെടുത്തുന്നു. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുള്ള ഷഫീക്കിന്റെ പരാതി പൂർണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു.

ഇതിനു പുറമേ നടുറോഡിൽ ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികൾ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു. ഷഫീക്ക് മോശമായി പെരുമാറിയെന്ന് യുവതികൾ പറയുന്നത് തീർത്തും തെറ്റാണെന്നും ഷിനോജ് പറയുന്നു. യുവതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് അവരെ ജാമ്യത്തിൽ വിട്ടതെന്താണെന്നറിയില്ലെന്നും ഷിനോജ് പറയുന്നു.

കണ്ണൂർ, പത്തനംതിട്ട സ്വദേശികളായ യുവതികൾ. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓൺലൈൻ ഷെയർ ടാക്സി വിളിച്ചു യാത്രചെയ്യുകയായിരുന്നു ഷിനോജ്. വൈറ്റിലയിൽ ടാക്സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങൾ വിളിച്ച ടാക്സിയിൽ മറ്റൊരാൾ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതികൾ ഡ്രൈവറെ മർദ്ദിച്ചത്.

വൈറ്റിലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സംഭവം. യുവതികൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: ഞങ്ങളുടെ ഒരു സുഹൃത്താണ് യൂബർ ബുക്കു ചെയ്തത്. എയ്ഞ്ചലും സഹോദരി ക്ളാരയുമാണ് വൈറ്റിലയിൽ വച്ച് കാറിൽ കയറാനൊരുങ്ങിയത്. അപ്പോഴാണ് ഒരു പുരുഷനെ ടാക്സിയിൽ കണ്ടത്. ഞങ്ങൾ വിളിച്ച ടാക്സിയിൽ മറ്റൊരു യാത്രക്കാരനുണ്ടായത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവറുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷെയർ ടാക്സിയാണെന്നാണ് അയാൾ പറഞ്ഞത്. അയാളുടെ മറുപടിയും മറ്റൊരു ടോണിലായിരുന്നു. അങ്ങിനെ പറഞ്ഞതിനെ ചോദ്യം ചെയ്തപ്പോഴാണ് ടാക്സി ഡ്രൈവർ അസഭ്യം പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് യാത്ര മതിയാക്കുന്നു എന്നു പറഞ്ഞപ്പോഴാണ് ഡ്രൈവർ ശാരീരികമായി ആക്രമിച്ചത്. ''പ' ചേർത്തുള്ള തെറിയാണ് ഞങ്ങളെ വിളിച്ചത്. ഇതാണ് സംഘർഷത്തിന് കാരണമായത്. പുറത്തിറങ്ങി വന്ന ഡ്രൈവർ ഉപദ്രവിക്കാനാണ് ശ്രമിച്ചത്. ക്ളാരയെ ഇയാൾ തള്ളിയിട്ടപ്പോഴാണ് ഞാൻ ഷർട്ടിന് പിടികൂടിയത്. ഞങ്ങളുടെ ബാഗും മൊബൈലുമെല്ലാം ഡ്രൈവർ തട്ടിത്തെറിപ്പിച്ചു. ഞാൻ പിടി വിട്ടിരുന്നെങ്കിൽ എന്റെ സഹോദരിയുടെ നാഭിക്ക് ഇയാൾ ചവിട്ടുമെന്ന് ഉറപ്പായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വൈദ്യപരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല.

അതേസമയം പൊലീസ് സ്റ്റഷനിൽ എത്തിച്ചപ്പോൾ ഡ്രൈവറുടെ തലയിൽ മുറിവോ രക്തമോ കാണാനില്ലായിരുന്നു. ആ ഫോട്ടോ ഞങ്ങളുടെ കൈവശമുണ്ട്. മരട് പോലസ് സ്്റ്റഷനിൽ ഒന്നാം നിലയിൽ അയാൾ പരസഹായമില്ലാതെ കയറുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ഇപ്പോൾ പ്രചരിക്കുന്ന രീതിയിൽ അയാൾ ബോധക്കേട് അഭിനയിക്കുന്നത്. ഇതാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഇപ്പോൾ പ്രചരിക്കുന്ന രീതിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. സത്യാവസ്ഥയറിയാതെയാണ് സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണമെന്നും യുവതികൾ പറയുകയുണ്ടായി. എന്നാൽ, സംഭവത്തിൽ വീഴ്‌ച്ച പറ്റിയത് യുവതികളുടെ ഭാഗത്തു നിന്നും തന്നയാണെന്നാണ് പുറത്തുവരുന്ന വിവരം.