ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിൽ, ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഡിസംബർ 23 നാണ് ലാലു ഉൾപ്പെടെ 16 പേരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉൾപ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

കേസിൽ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേർ വിചാരണക്കാലയിളവിനിടെ മരണപ്പെട്ടിരുന്നു. ഒരാൾ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായിരുന്നു. നേരത്തെ ആദ്യ കേസിൽ ലാലുവിന് അഞ്ച് വർഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 1995-1996 കാലയളവിൽ വ്യാജബില്ലുകൾ ഹാജരാക്കി ഡിയോഹർ ജില്ലാ ട്രഷറിയിൽ നിന്ന് 84.5 കോടി രൂപ പിൻവലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു ലാലു.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലിൽ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനഃപ്പൂർവം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാൽ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നിൽക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.

വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കെതിരായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി വിരുദ്ധ നിയമത്തിലെയും വകുപ്പുകളാണ് ലാലു അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുംഭകോണം പുറത്തുവന്ന് 21 വർഷത്തിനുശേഷമാണ് വിധിപ്രഖ്യാപനം. വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ആയിരുന്നു ശിക്ഷാവിധി.ആരോഗ്യ കാരണങ്ങളാൽ തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ലാലു പ്രസാദ് യാദവ് വെള്ളിയാഴ്ച കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

ലാലുവിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ചിത്തരജ്ഞൻ സിൻഹയും കോടതിയെ അറിയിച്ചിരുന്നു. കുംഭകോണവുമായി നേരിട്ട് ബന്ധമില്ലെന്നും പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.