ലക്നൗ​: ചികിത്സയ്ക്ക് പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട മൂന്നുവയസുകാരി ആശുപത്രിക്ക്​ പുറത്ത്​ പുഴുവരിച്ച്​ മരിച്ചു. യുപിയിലെ പ്രയാഗ്​രാജിലുള്ള യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ്​ സംഭവം. ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതിരുന്നതാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. തുടർന്ന് മുറിവിലൂടെ അണുബാധ ഉണ്ടായതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് വിവരം.

ചികിത്സക്കായി അഞ്ച്​ ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകാൻ കഴിയാതെ വന്നപ്പോൾ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു.ഫെബ്രുവരി 16നാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന്​ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവം വിവാദമായതിനെതുടർന്ന്​ കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്.