ജിദ്ദ: സൗദിയിലേക്ക് ജോലിക്ക് വരുന്ന വിദേശ എഞ്ചിനിയർമാർക്ക് ഇനി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ വന്നതായി എൻജിനീയേഴ്‌സ് കൗൺസിൽ ഭരണ സമിതി അധ്യക്ഷൻ ഡോ. ജമീൽ ബുഖ്ആവി പറഞ്ഞു.

ഇനി മുതൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന മുഴുവൻ എൻജിനീയർ മാരുടെയും യോഗ്യത സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമേ രാജ്യത്തേക്ക് പ്രവേശിക്കാനാവൂ. ഇന്റർവ്യൂ നടപടികൾ കൗൺസിലിന് കീഴിൽ നടന്നുവരികയാണ്. രാജ്യത്ത് വന്ന ശേഷം പഠിക്കുന്ന എൻജിനീയർ മാരെ ആവശ്യമില്‌ളെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നടപടികൾ സ്വീകരിച്ചതിനു ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിശദമായ പഠനത്തിൽ 10000ത്തോളം വിദേശ എൻജിനീയർമാർ തൊഴിൽ പരിചയമില്ലാത്തവരാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുമായി ഇനി സൗദിയിലേക്ക് കടക്കുക അസാധ്യമാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ യോഗ്യതകൾ തൊഴിൽ സർട്ടിഫിക്കറ്റ് പുതുക്കുന്ന വേളയിൽ പരിശോധിക്കും. സർട്ടിഫിക്കറ്റ് കാലാവധി മൂന്നു വർഷമാണ്. യോഗ്യതയില്ലാത്തവർ വരികയും എൻജിനീയറിങ്
ജോലികളിലേർപ്പെടുകയും ചെയ്യുന്നതായി ശ്രദ്ധയിപ്പെട്ടാൽ ഇവർക്കെതിരെ
ശിക്ഷാ നടപടികളുണ്ടാകും. ഇതിനു പൊലീസുമായി ധാരണയുണ്ട്.