ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ 30 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ ബിആർഡി ആശുപത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പിഞ്ചു കുഞ്ഞുങ്ങളാണ് ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി മരിച്ചത്. ഓക്സിജൻ വിതരണത്തിലെ തകരാറാണ് അപകടത്തിന് കാരണം.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് 30 മരണവും സംഭവിച്ചത്. ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. വലിയ തുക കുടിശ്ശികയുള്ളതുകൊണ്ട് കമ്ബനി ഓക്സിജൻ കൊടുക്കാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്ത ദിവസങ്ങളിലായി ഓക്സിജൻ വിതരണം കമ്പനി നിർത്തിവെച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

വിധ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. എൻസഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരിൽ ഭൂരിപക്ഷവും. വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികൾ മരിച്ചത്. ഇതേത്തുടർന്ന് അധികൃതർ വീണ്ടും ഓക്സിജൻ ലഭ്യത ഉറപ്പാക്കി. വീണ്ടും ഓക്സിജൻ വിതരണം നിലച്ചതാണ് 10 പേർ കൂടി മരിക്കാൻ കാരണമായത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആശുപത്രിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഉത്തർപ്രദേശിൽ കുട്ടികളിലെ എൻസഫലൈറ്റിസ് രോഗം തടയാനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

കഴിഞ്ഞ രാത്രിയാണ് കമ്പനി ഓക്സിജൻ നൽകുന്നത് നിർത്തിവെച്ചത്. ആശുപത്രി അധികൃതർ 66 ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ടെന്നതായിരുന്നു കാരണം. മൂന്ന് വാർഡുകളിൽ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചവർ. ഓക്സിജൻ വിതരണം നിർത്തിവെക്കുമെന്ന് കമ്പനി നേരത്തേ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. ആശുപത്രിയിലെ സാങ്കേതിക വിഭാഗം ഓക്സിജൻ അളവ് കുറവ് നേരത്തേ ശ്രദ്ധയിൽ പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

ഉത്തർപ്രദേശിലെ എൻസഫലൈറ്റിസ് ചികിത്സക്ക് പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് എന്ന ബി.ആർ.ഡി ആശുപത്രി. സംഭവം സംബന്ധിച്ച് ഇതുവരെ സർക്കാരിന്റേയോ ആശുപത്രി അധികൃതരുടേയോ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നു പുറത്തുവന്നിട്ടില്ല.

സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തകരാറായതിനു പിന്നിൽ അട്ടിമറിയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.