കൊച്ചി: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും ബിനാമികളുടെയും വീടുകളിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയതിന് പിന്നീലെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. ബാബുവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. കെ ബാബു മകൾക്ക് വിവാഹ സമ്മാനമായി നൽകിയ ബെൻസ് കാറിന്റെ വായ്പ കഴിച്ചുള്ള തുക അടച്ചത് ഒരു അബ്കാരിയാണെന്ന് സൂചന ലഭിച്ചതായും വാർത്തകളുണ്ട്.

2012ൽ മകൾ ആതിരയുടെ വിവാഹത്തിന് 45 ലക്ഷം രൂപയുടെ ബെൻസ് കാർ മകളുടെ ഭർത്താവിന്റെ അച്ഛന്റെ പേരിലാണ് ബാബു വാങ്ങിക്കൊടുത്തത്. കെഎൽ 38ഡി6005 നമ്പർ രജിസ്‌ട്രേഷനിലുള്ള കാർ ബാർകോഴ ആരോപണം വന്നശേഷം മറിച്ചുവിറ്റു. കാറിന്റെ വായ്പകഴിച്ചുള്ള ആറുലക്ഷം രൂപ മറ്റൊരു അക്കൗണ്ടിൽനിന്നാണ് അടച്ചതെന്ന് വിജിലൻസ് കണ്ടെത്തി. ഇത് ബാറുടമകളും ബാബുവും തമ്മിലുള്ള ബന്ധത്തിന് ഉറച്ച തെളിവാകുമെന്ന് വിജിലൻസ് കരുതുന്നു. ബാബു വാങ്ങിയ കാറുകളുടെ വായ്പ കഴിച്ചുള്ള തുകയും വായ്പയുടെ തിരിച്ചടവുകളും വിജിലൻസ് പരിശോധിക്കുകയാണ്.

ആതിരയുടെ പേരിൽ ഏഴുലക്ഷത്തോളം രൂപ വിലയുള്ള നിസാൻ മൈക്ര എക്‌സ് പി പ്രീമിയം ബിഎസ് 4 കാറും ബാബു വിവാഹത്തോട് അനുബന്ധിച്ച് വാങ്ങിനൽകിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ പേരിൽ കെഎൽ 39ഒ6996 ഐ ടെൻ കാറും ബാബുവിന്റെ പേരിൽ ഒമ്പതുലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറും ഉണ്ടായിരുന്നു.

ബാബുവിന്റ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണം വിജിലൻസ് ഡയറക്ടർ ബുധനാഴ്ച പരിശോധിച്ചു. ഇതിനായി അന്വേഷണത്തിന് നേതൃത്വംനൽകുന്ന വിജിലൻസ് എസ്‌പി ശശിധരനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച നിർദേശവും ഡയറക്ടർ നൽകിയെന്നാണ് വിവരം.

അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബു തെളിവുകൾ മുക്കിയെന്നാണ് വിജിലൻസ് നൽകുന്നസൂചന. ലോക്കറിലെ രേഖകൾ ബാബു തന്ത്രപൂർവം മാറ്റിയതായാണ് വിജിലൻസിന്റെ സംശയം. ഇന്നലെ ബാബുവിന്റേയും ഭാര്യ ഗീതയുടേയും പേരിലുള്ള അക്കൗണ്ടുകൾ വിജിലൻസ് പരിശോധിച്ചിരുന്നു. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്‌ബിറ്റി ബാങ്കിലെ ബാബുവിന്റേയും വടക്കേക്കോട്ട എസ്‌ബിഐ ശാഖയിൽ ഭാര്യ ഗീതയുടേയും പേരിലുള്ള ലോക്കറുകളിൽ ഒന്നും ഉണ്ടായിരുന്നില്ല. ആയിരം രൂപയിൽ താഴെ മാത്രമാണ് ഇരുവരുടേയും അക്കൗണ്ടികളിൽ ഉണ്ടായിരുന്ന തുക. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രേഖയും പണവും ബാബു നീക്കിയതായാണ് വിജിലൻസ് സംശയിക്കുന്നത്. ഈ മാസങ്ങളിൽ ബാബുവിന്റെ ലോക്കർ തുറന്നിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.

ഇന്നലെ ഇളയമകൾ ഐശ്വര്യയുടെ തമ്മനം യൂണിയൻ ബാങ്കിലെ ലോക്കറിൽനിന്നും 120 പവൻ സ്വർണം കണ്ടെത്തിയിരുന്നു. കേസിൽ ഇതുവരെ 70 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 300 പവനോളം സ്വർണമാണ് കണ്ടെത്തിയത്. ഇന്നലെ തൃപ്പൂണിത്തുറയിലെ ബാങ്കിൽ ബാബുവിന്റെ പേരിലുള്ള ലോക്കറും വടക്കേകോട്ട എസ്‌ബിഐയിൽ ബാബുവിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

എന്നാൽ സ്വർണാഭരണങ്ങൾ തന്റെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭർത്താവ് അന്വേഷണസംഘത്തോട് വിശദീകരിച്ചു. തൃപ്പുണിത്തുറയിലുള്ള യൂണിയൻ ബാങ്കിലെ ഐശ്വര്യയുടെ പേരിലുള്ള ലോക്കറാണ് വിജിലൻസ് സംഘം പരിശോധിച്ചത്. കെ ബാബുവിനെ ഒരാഴ്‌ച്ചയ്ക്കുള്ളിൽ വിജിലൻസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബാബുവിന് ഉടൻ നോട്ടീസ് നൽകും.

ഐശ്വര്യയുടെ പാലാരിവട്ടത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ലോക്കറിൽ ആദ്യം നടത്തിയ പരിശോധനയിൽ 117 പവൻ സ്വർണം കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബാങ്ക് ലോക്കറും പരിശോധിച്ചത്. ബാബുവിന്റെ മൂത്ത മകൾ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചിൽ പരിശോധന നടത്തിയിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കറും പരിശോധിച്ചു.

അതേസമയം ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വ്യാപിക്കുകയാണ്. എക്‌സൈസ് വകുപ്പിന് പുറമെ ഫിഷറീസ് വകുപ്പിന് കീഴിലുണ്ടായിട്ടുള്ള ബാബുവിന്റെ ഇടപാടുകളിലും ഇപ്പോൾ വിജിലൻസ് പരിശോധന തുടരുകയാണ്.ഫിഷറീസ് വകുപ്പിന് കീഴിൽ ഹാർബർ എൻജിനീയറിങ് വിഭാഗം നിർമ്മിച്ച റോഡുകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. ഈ റോഡുകൾ റിയൽ എസ്‌റ്റേറ്റ് മാഫിയക്ക് വേണ്ടി നിർമ്മിച്ചതാണെന്നാണ് ആരോപണം.

കൂടാതെ ബാബുവിന്റെ വിദേശയാത്രകളും അന്വേഷണ വിധേയമാക്കുന്നുണ്ട്. കുവൈറ്റ്, സിഗംപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ വിദേശയാത്രകളാണ് പരിശോധിക്കുന്നത്. ഈ യാത്രകൾ സർക്കാർ അനുമതിയോട് കൂടിയാണോ, യാത്രകളുടെ ഉദ്ദേശ്യം, കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്നിവയാണ് പരിശോധിക്കുന്നത്. ബാബുവിന്റെ വീട്ടിലും മറ്റിടങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിന്നും ഇതുവരെ 236 രേഖകളാണ് വജിലൻസ് പിടിച്ചെടുത്തത്.

ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലൻസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് നേരത്തെ മരവിപ്പിച്ചിരുന്നു.