തൃശൂർ: 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയമെന്ന പുസ്തക പ്രസാധന സ്ഥാപനത്തിനെതിരെ സിപിഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ വിഭാഗവും സംഘം ചേർന്ന് നടത്തിയ അനീതിയും അതിക്രമവും പുറത്തുവിട്ട മറുനാടൻ മലയാളി വാർത്ത രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിൽ ചർച്ചയാവുന്നു. വാർത്ത പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തിന്റെ പ്രസാധകനായ ശ്രീജിത്തിനെയും സ്ഥാപനത്തെ ആക്രമിച്ച പ്രതികളെയും ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

മുൻ എസ്.എഫ്.ഐ. ഭാരവാഹിയടക്കം സിപിഎം. പ്രവർത്തകരായ പ്രതികളാണ് 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയമെന്ന പുസ്തക പ്രസാധന സ്ഥാപനത്തെ ആക്രമിച്ച കേസ്സിൽ ഇന്നലെ തൃശൂരിലെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസ് പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നു ഹാജരായ പ്രതികളോട് പറഞ്ഞ പൊലീസുകാർ കാര്യങ്ങൾ വിലയിരുത്തുന്നതിന്നായി നിലവിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനം തുറന്നുകാണണമെന്നു ആവശ്യപ്പെട്ടു. എന്നാൽ സ്ഥാപനത്തിന്റെ താക്കോൽ തങ്ങളുടെ കൈവശമില്ലെന്ന് പറഞ്ഞ് പ്രതികൾക്ക് തടിയൂരാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു പൊലീസുകാർ എന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

നിലവിൽ സ്ഥാപനം വാടകയ്ക്ക് എടുത്തവരുടെ കയ്യിൽ എന്തുകൊണ്ട് സ്ഥാപനത്തിന്റെ താക്കോൽ കൈവശമില്ലാതെ പോയി എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത്; തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിനുസമീപം മറ്റൊരു സ്ഥാപനത്തിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ്. 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയമെന്ന സ്ഥാപനത്തെ ഒഴിപ്പിക്കാൻ മാത്രമായി വാടക രേഖകൾ ഉണ്ടാക്കിയതാണെന്ന ശ്രീജിത്തിന്റെ ആരോപണത്തെ ശരി വക്കുന്നതായിരുന്നു പ്രതികളുടെ പ്രതികരണം എന്നാണ് ശ്രീജിത്ത് പറയുന്നത്. മാത്രമല്ല, സ്ഥാപനത്തിന്റെ താക്കോൽ യുവകലാസാഹിതി സെക്രട്ടറി ഇ.എം.സതീശന്റെ പക്കലാണെന്നും അറിയൂന്നു. എന്തായാലും ഏപ്രിൽ എട്ടിന് പ്രതികളോട് സ്റ്റേഷനിൽ വീണ്ടും ഹാജരാവാൻ പറഞ്ഞിട്ടുണ്ട്.

അതേസമയം ശ്രീജിത്തിനെ കറുത്തവനെന്നും കുറിയവനെന്നും ആക്ഷേപിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ ഇ.ഡി.ഡേവിസിന്റെ ഫേസ് ബുക്ക് വാളിൽ കിടക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും ശ്രീജിത്ത് തന്റെ പരാതിയോടൊപ്പം നൽകി. ആദിവാസി യുവാവ് മധുവിനെ വർഗ്ഗീയമായും വംശീയമായും അധിക്ഷേപിച്ചുകൊണ്ട് തല്ലിക്കൊന്ന വിഷയത്തിൽ പ്രതികരിച്ച സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫിസറുടെ ദുർമുഖം വെളിപ്പെടുകയാണ് ഫേസ് ബുക്ക് പോസ്റ്റിലെന്നും ആരോപണമുണ്ട്.

മാതാ അമൃതാനന്ദമയിയെ കുറിച്ച് പുസ്തകമെഴുതിയ ഗെയിൽ ട്രെഡ് വെല്ലിനെ ന്യുയോർക്കിൽ പോയി അഭിമുഖം നടത്തിയ കൈരളി ചാനലിന്റെ ജോൺ ബ്രിട്ടാസ്സിന്റെ പുസ്തകം പ്രസിദ്ധീകരിച്ച ഡീസി ബുക്‌സ് അടിച്ചുതകർത്തപ്പോൾ ഡീസി രവിക്കും പുസ്തക പ്രസാധന കമ്പനിക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച അന്നത്തെ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് ആണ് ഇന്നത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ.

അതേസമയം 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയമെന്ന പുസ്തക പ്രസാധന കമ്പനി ആക്രമിച്ചതുമായി ബന്ധമുണ്ടെന്നു ആരോപിക്കപ്പെടുന്ന കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫിസർക്കെതിരെയോ ശ്രീജിത്തിന് അനുകൂലമായോ ഒരു ഇടപെടൽ പോലും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടത്തിനുശേഷം ശ്രീജിത്ത് സമ്മർദ്ദത്തിലാണ്. വിഷയം ഒച്ചപ്പടില്ലാതെ ഒത്തുതീർക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.