ന്യൂഡൽഹി: റോയൽ ബാങ്ക് ഓഫ് സ്‌കോട്‌ലൻഡ് (ആർബിഎസ്) ബ്രിട്ടനിൽ പ്രത്യേക ബാങ്ക് തുടങ്ങാനുള്ള നീക്കത്തിൽനിന്ന് പിന്മാറിയത് ഐടി പങ്കാളിയായ ഇൻഫോസിസിനും ഐബിഎമ്മിനും തിരിച്ചടിയായി.

ഇടപാട് റദ്ദാക്കിയത് ഇൻഫോസിസിന്റെ 3000 ജീവനക്കാരെ ബാധിക്കും. ഇവരെ പിരിച്ചുവിടുകയല്ല മറ്റു പദ്ധതികളിലേക്കു പുനർ വിന്യസിക്കുകയാണു ചെയ്യുകയെന്ന് ഇൻഫോസിസ് വ്യക്തമാക്കി. ഭൂരിഭാഗം പേരും ഇന്ത്യയിൽത്തന്നെയാണുള്ളത്. ഏതാണ്ട് 1000 കോടി രൂപയുടെ നഷ്ടമാണ് ഇടപാടു നഷ്ടം മൂലം ഇൻഫോസിസ് നേരിടേണ്ടി വരികയെന്നു വിദഗ്ദ്ധർ പറയുന്നു. ഐബിഎമ്മിന് കമ്പ്യൂട്ടർ സംവിധാനത്തിന്റെ രൂപകൽപ്പനാ കരാറാണ് ഉണ്ടായിരുന്നത്. 2500 കോടി രൂപയാണ് ഐബിഎമ്മിനുണ്ടാകുന്ന നഷ്ടം

ഇൻഫോസിസിന്റെ ഓഹരി വില ഇന്നലെ ഒരു ശതമാനം ഇടിവ് നേരിട്ടു. വില്യംസ് ആൻഡ് ഗ്ലെൻ എന്ന പേരിൽ പ്രത്യേക ബാങ്ക് തുടങ്ങാനായിരുന്നു റോയൽ ബാങ്കിന്റെ തീരുമാനം. ഈ നീക്കം ഉപേക്ഷിക്കുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപനമുണ്ടായി. ഇതേത്തുടർന്ന്ഇ ൻഫോസിസുമായുള്ള കരാർ റദ്ദാകുകയും ചെയ്തു. ഇതോടെയാണ് ഇൻഫോസിസിന്റെ വിപണി മൂല്യം കുറയുന്നത്. ജീവനക്കാരെ പിരിച്ചുവിടേണ്ട പ്രതിസന്ധി നിലവിൽ ഇല്ല. അതുകൊണ്ടാണ് മറ്റ് പദ്ധതികളിലേക്കുള്ള പുനർവിന്യാസം. നിലവിലെ പ്രശ്‌നങ്ങളെ ഇതിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസ് നേരത്തെ തന്നെ കാമ്പസുകളിൽ നിന്ന് എൻജിനീയർമാരെ കണ്ടെത്തുന്നത് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഐ.ടി. രംഗത്തെ ആഗോള മാന്ദ്യവും വർധിച്ചുവരുന്ന ഓട്ടോമേഷനുമാണ് കാമ്പസ് നിയമനം കുറയ്ക്കാൻ കാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 20,000 എൻജിനീയർമാരെയാണ് ഇൻഫോസിസ് രാജ്യത്തെ കാമ്പസുകളിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ഇക്കുറിയത് 3,000 ആയി കുറഞ്ഞേക്കും. തുടക്കക്കാരുടെ നിയമനത്തിലും കാര്യമായ കുറവുണ്ടാകുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി എത്തുന്നത്.

ഈ വർഷം ജീവനക്കാരെ നിയമിക്കുന്നതിൽ 15 ശതമാനം കുറവുണ്ടാകും. വരും വർഷങ്ങളിൽ ഇത് കൂടാനാണ് സാധ്യത. നിലവിൽ ഏതാണ്ട് രണ്ട് ലക്ഷം പേരാണ് ഇൻഫോസിസിൽ ജോലി ചെയ്യുന്നത്.