മെൽബൺ: നഗരത്തിലെ നഴ്‌സിങ് ഹോമുകളിൽ താമസിക്കുന്ന 30 ശതമാനം പേരും സൂപ്പർബഗ് വാഹകരാണെന്ന് റിപ്പോർട്ട്. മെൽബൺ നഗരത്തിലെ നാല് ഹൈ കെയർ സംവിധാനമുള്ള നൂറിലധികം റസിഡന്റ്‌സിൽ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സൂപ്പർ ബഗ് എന്നറിയപ്പെടുന്ന ആന്റിബയോറ്റിക് റസിസ്റ്റന്റ് ബാക്ടീരിയ നഴ്‌സിങ് ഹോം റസിന്റ്‌സിൽ കാണപ്പെടുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. നഴ്‌സിങ് ഹോമിലുള്ളവരിൽ പരീക്ഷണം നടത്തുന്നതിന്  മുമ്പ് ഇതിൽ പകുതിയിലിധകം പേർക്ക് മൂന്നു മാസം ആന്റിബയോട്ടിക്കുകൾ നൽകിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അധിക ഉപയോഗമാണ് സൂപ്പർബഗ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് മൊണാഷ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസർ ആന്റൻ പെലെഗ് ചൂണ്ടിക്കാട്ടുന്നത്. നഴ്‌സിങ് ഹോം നിവാസികളിൽ ആന്റിബയോട്ടിക്കുകൾ അധികമായി ഉപയോഗിക്കുകയോ, ആന്റിബയോട്ടിക്കുകളുടെ കൃത്യമല്ലാത്ത ഉപയോഗം എന്നിവ ആന്റിബയോട്ടിക് റസിസ്റ്റന്റ് ബാക്ടീരിയ അധികമായി ഉണ്ടാകാൻ ഇടയാകുന്നു.

എന്നാൽ ഇത്തരം സൂപ്പർ ബഗുകൾ നമ്മൾ വിചാരിക്കുന്നതിലും ഏറെ അപകടകാരികളാണെന്ന് പെലെഗ് വ്യക്തമാക്കുന്നു. നഴ്‌സിങ് ഹോം റസിഡന്റ്‌സിനെ മെച്ചപ്പെട്ട രീതിയിൽ ശുശ്രൂഷിക്കുകയും അവരുടെ ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ നൽകുകയുമാണ് വേണ്ടത്. നഴ്‌സിങ് ഹോമുകളിൽ വേണ്ടത്ര സ്റ്റാഫ് ഇല്ലാത്തത് റസിഡന്റ്‌സിന്റെ പരിചരണത്തിൽ അലംഭാവം കാട്ടാനും ഇത് കൂടുതൽ ആന്റിബയോട്ടികളുടെ ഉപയോഗത്തിലേക്കും നയിക്കും. ഇതോടെ രോഗികൾക്ക് നഴ്‌സിങ് ഹോമിലെ താമസ കാലാവധി നീളുകയും ഇത് മറ്റ് രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യും.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മിതമായ നിരക്കിൽ ആക്കുകയും തുടക്കത്തിൽ തന്നെ രോഗം ചികിത്സിച്ചു ഭേദമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയുമാണ് നഴ്‌സിങ് ഹോമുകളിൽ ചെയ്യേണ്ടതെന്നാണ് പെലെഗ് പറയുന്നത്. നഴ്‌സിങ് ഹോമുകളിൽ ആന്റിബയോട്ടിക് ഉപയോഗത്തിന് കടിഞ്ഞാണിടേണ്ട കാലമെത്തിക്കഴിഞ്ഞു. നഴ്‌സിങ് ഹോമുകൾ ആന്റിബയോട്ടിക് റസിസ്റ്റന്റ് ബാക്ടീരിയകളുടെ റിസർവോയറുകളായി മാറുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും പെലെഗ് വ്യക്തമാക്കി.