കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ എതിരായ കോടതി വിധി കേട്ട 32-കാരി കോടതിമുറിയിയിൽ കുഴഞ്ഞുവീണുമരിച്ചു. നാല് മക്കളുടെ അമ്മയായ യുവതി അച്ഛനമ്മമാരുടെ മുന്നിലാണ് കുഴഞ്ഞുവീണത്. ഹൾ ക്രൗൺ കോടതിയിലായിരുന്നു ദുരന്തം.

ജഡ്ജി വിധിപറഞ്ഞുകൊണ്ടിരിക്കെ, ഹെയ്‌ലി ഗസ്സ്‌ഗോയിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ശക്തമായി വിറച്ചുകൊണ്ട് താഴേക്കുവീണ ഹെയ്‌ലിക്ക് അരികിലേക്ക് മറ്റുള്ളവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഹൾ റോയൽ ഇൻഫർമേരി ആശുപത്രിയിലെ ഡോക്ടർമാർക്കും ഹെയ്‌ലിയെ രക്ഷിക്കാനായില്ല.

ഹെയ്‌ലി കുഴഞ്ഞുവീഴുന്നതുകണ്ട് അവരുടെ അമ്മ അലറിക്കരഞ്ഞുകൊണ്ട് അരികിലേക്കെത്തി. കോടതിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം അവർക്ക് അരികിലെത്തിയത്. ഹൃദ്രോഗമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ഹെയ്‌ലി ടോയ്‌ലറ്റിൽ പോയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രത്യേകിച്ചെന്തെങ്കിലും അസുഖമോ മറ്റോ ഹെയ്‌ലിക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടില്ല.

ഹെയ്‌ലി ടോയ്‌ലറ്റിൽപ്പോയപ്പോൾ എന്തെങ്കിലും വിഷം കഴിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഹൾ പൊലീസ് അന്വേഷണം തുടങ്ങി. കോടതിയിൽനിന്ന് ഹെയ്‌ലിയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്. പാരമെഡിക്കൽ സംഘാംഗം ഹെയ്‌ലിയെ നോക്കിയത് 10 മിനിറ്റിനുശേഷമാണ്. 40 മിനിറ്റിനുശേഷമാണ് ട്രോളിയും ആംബുലൻസുമെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.