- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസുകൾ രജിസ്റ്റർ ചെയ്യുന്നതല്ലാതെ നടപടികൾ വിരളം; ആറുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 326 രാജ്യദ്രോഹക്കുറ്റക്കേസുകൾ; ഏറ്റവും കുടുതൽ അസാമിൽ; രാജ്യദ്രോഹക്കേസുകളുടെ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി
ന്യൂഡൽഹി: ബ്രീട്ടിഷ് ഭരണവാഴ്ച്ചയുടെ കാലത്ത് നിലവിൽ വന്ന രാജ്യദ്രോഹ നിയമപ്രകാരം രാജ്യത്ത് ഇപ്പോഴും കേസെടുക്കുന്നത് സംബന്ധിച്ച് വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തിൽ നിയമത്തിന്റെ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി.അപരിഷ്കൃതമായ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം നിരവധി ഹർജ്ജികളാണ് സുപ്രീംകോടതിക്ക് മുൻപിലെത്തിയത്.മുതിർന്ന മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.ഈ നൂറ്റാണ്ടിന് യോജിച്ചതല്ല രാജ്യദ്രോഹ നിയമം എന്ന പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പു പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച ഹർജികൾ പരിശോധിക്കാമെന്ന് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്.ബ്രിട്ടിഷ് വാഴ്ചയുടെ കാലത്തു കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.2014 നും 2019നും ഇടയിൽ കഴിഞ്ഞ ആറുവർഷക്കാലം വിവാദമായ രാജ്യദ്രോഹ നിയമ പ്രകാരം 326 കേസുകളാണ് രാജ്യത്തു രജിസ്റ്റർ ചെയ്തത്. ഇതിൽ ശിക്ഷപ്പെട്ടതാകട്ടെ ആറ് പേരും.
രാജ്യത്ത് 326 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 141 എണ്ണത്തിൽ കുറ്റപത്രം നൽകിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ രേഖകൾ പറയുന്നു. ഏറ്റവും കൂടുതൽ കേസുകൾ അസമിലാണ് റിപ്പോർട്ട് ചെയ്തത്.54 എണ്ണം. ഇതിൽ 26 എണ്ണത്തിൽ കുറ്റപത്രം നൽകിയപ്പോൾ 25 എണ്ണത്തിൽ വിചാരണ പൂർത്തിയായി. എന്നാൽ ഒറ്റ കേസിലും ആരെയും ശിക്ഷിച്ചിട്ടില്ല.6 വർഷത്തിനിടെ കേരളത്തിൽ 25 രാജ്യദ്രോഹ കേസുകളാണു രജിസ്റ്റർ ചെയ്തത്. ഒരെണ്ണത്തിൽപോലും കുറ്റപത്രം നൽകിയിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടുമില്ല.
ഝാർഖണ്ഡിലെ 40 കേസുകളിൽ കുറ്റപത്രം നൽകിയത് 29 എണ്ണത്തിൽ. വിചാരണ പൂർത്തിയായത് 16. ഒരാൾ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. കർണാടകയിൽ 22 കേസുകൾ. കുറ്റപത്രം നൽകിയത് 17. വിചാരണ പൂർത്തിയായത് ഒരു കേസിൽ. ആരെയും ശിക്ഷിച്ചിട്ടില്ല. മറ്റുള്ളവ: ഹരിയാന31, ബിഹാർ25, ജമ്മു കശ്മീർ25, യുപി17, ബംഗാൾ8, ഡൽഹി4 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ സ്ഥിതിവിവരം.
അതേസമയം, മേഘാലയ, മിസോറം, ത്രിപുര, സിക്കിം, ആൻഡമാൻ, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ്, ദാമൻ ഡ്യു, ദാദ്ര ഹവേലി നഗർ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഒറ്റ രാജ്യദ്രോഹ കേസ് പോലും ഇല്ല.ഇതിനുപുറമെ 2020 ലെ കേസുവിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ