കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ മലയാളികളുൾപ്പെടെ നിരവധിപേർ പിടിയിലായതായി സൂചന.വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനകളിലാണ് നിരവധി പേർ പിടിയിലായത്. സ്‌പോൺസർമാറി ജോലി ചെയ്തവരും താമസ കാലാവധി കഴിഞ്ഞവരുമാണ് പിടിയിലായവരിൽ ഏറെയും.

കുറ്റകൃത്യങ്ങളിൽ പ്രതികളായ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 52 പേരെയും പരിശോധനകളിൽ കണ്ടെത്തി. ട്രാഫിക് വിഭാഗം സമാന്തരമായി നടത്തിയ വാഹന പരിശോധനയിൽ 31 വാഹനങ്ങൾ കണ്ടുകെട്ടിയാതായും ട്രാഫിക് പൊലീസ് അറിയിച്ചു.

കൂടാതെ പാർപ്പിടനിയമലംഘനം നടത്തിയ 33 പ്രവാസികൾ അറസ്റ്റിലായി. ഇതിൽ 28 സ്ത്രീകളും 5 പുരുഷന്മാരും ഉൾപ്പെടുന്നു. ഒരു സ്‌പോൺസറുടെ കീഴിൽ വിസ ലഭിച്ച് ജോലിക്കെത്തിയവരാണ് നിയമം ലംഘിച്ച് വേറെ ജോലിയിൽ ഏർപ്പെടുന്നത്. രാജ്യത്ത് താമസിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയ നിയമം ഇവർ ലംഘിച്ചതായി കണ്ടെത്തി.

അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇവർക്ക് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷ ലഭിക്കും.