ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും വിജയത്തിനായി സ്ഥാനാർത്ഥികൾ ചെലവാക്കുന്ന പണത്തിന്റെ യഥാർത്ഥ കണക്ക് ഒരിക്കലും പുറത്തുവരാറില്ല. തിരഞ്ഞെടുപ്പ് കണക്കിൽ നിശ്ചിത തുക മാത്രമേ ചെലവാക്കാവൂ എന്നാണ് മാർഗ്ഗനിർദേശമെങ്കിലും അതൊന്നും ആരും കണക്കിലെടുക്കാറില്ല. കമ്മീഷൻ മുമ്പാകെ സമർപ്പിക്കുന്ന കണക്ക് എപ്പോഴും തീർത്തും തട്ടിക്കൂട്ടി കൃത്രിമമായി ഉണ്ടാക്കിയതാകും. ഇങ്ങനെയുള്ള കള്ളക്കളികൾ നടത്തുന്ന എംപിമാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാലം കൂറേ ആയെങ്കിലും കേരളത്തിലെ എംപിമാർ എടക്കം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ വരവുചിലവു കണക്കിൽ വ്യാപക പൊരുത്തക്കേട് ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

പാർട്ടിയിൽനിന്ന് കിട്ടിയ സംഭാവനയായി ലക്ഷങ്ങളുടെ കണക്ക് മിക്ക എംപിമാരും നൽകിയിട്ടുണ്ട്. എന്നാൽ, പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷനു നൽകിയ കണക്കിൽ ഈ സംഭാവനത്തുക കാണാനില്ലെന്നതാണ് രാഷ്ട്രീയക്കാരുടെ തട്ടിപ്പ് കൈയോടെ പിടികൂടാൻ കാരണമായക്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും എംപിമാർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ തുടങ്ങിയവർക്ക് എവിടെ നിന്ന് ഫണ്ട് കിട്ടിയെന്ന കാര്യം ബോധിപ്പിക്കുന്നതിൽ പോലും വീഴ്‌ച്ച പറ്റി.

കോൺഗ്രസ് തനിക്ക് 31.50 ലക്ഷം രൂപ തെരഞ്ഞെടുപ്പു ഫണ്ടായി നൽകിയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പു കമീഷന് നൽകിയ സത്യവാങ്മൂലം. എന്നാൽ, കോൺഗ്രസ് പാർട്ടി നൽകിയ സത്യവാങ്മൂലം അനുസരിച്ച് നയാപൈസ മുല്ലപ്പള്ളിക്ക് കൊടുത്തിട്ടില്ല. 20 ലക്ഷം പാർട്ടിയിൽനിന്ന് കിട്ടിയെന്ന് കെ.വി. തോമസ് പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പു കമീഷനിൽ കോൺഗ്രസ് നൽകിയ സത്യവാങ്മൂലം ഈ തുക കാണിച്ചിട്ടില്ല. ഇതോടെ ഈ പണം എവിടെ നിന്നു കിട്ടിയെന്ന് പറയേണ്ട ബാധ്യത പോലും എംപിമാർക്കായി.

സിപിഐ(എം) എംഎൽഎമാരും ഇക്കാര്യത്തിൽ മോശമല്ല. എം.ബി. രാജേഷ് സിപിഎമ്മിൽ നിന്ന് 50.73 ലക്ഷം രൂപ കിട്ടിയതായി കണക്കുകൊടുത്തിട്ടുണ്ട്. എന്നാൽ, സിപിഐ(എം) നൽകിയ സത്യവാങ്മൂലത്തിൽ ഈ തുകയില്ല. 48 ലക്ഷം കിട്ടിയെന്നാണ് പി.കെ. ബിജുവിന്റെ സത്യവാങ്മൂലം. എ. സമ്പത്ത്-35 ലക്ഷം, പി. കരുണാകരൻ-2.25 ലക്ഷം, പി.കെ. ശ്രീമതി- 75,000 രൂപ എന്നിങ്ങനെയും പാർട്ടിയിൽനിന്ന് കിട്ടിയതായി കാണിച്ചിട്ടുണ്ടെങ്കിലും സിപിഐ(എം) സത്യവാങ്മൂലത്തിൽ ഈ തുകകളില്ല. അതേസമയം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽനിന്ന് രണ്ടു വീതം എംപിമാരും പാർട്ടിയും നൽകിയ സത്യവാങ്മൂലത്തിൽ നയാപൈസ വ്യത്യാസമില്ല.

നാലു പേർക്കും കൂടി 1.28 കോടി രൂപ നൽകിയതായി പാർട്ടിയും അത്രതന്നെ കിട്ടിയതായി എംപിമാരും കണക്കിൽ കാണിച്ചു. തൃശൂരിൽനിന്നുമാത്രം എംപിയുള്ള സിപിഐയുടെ കണക്കുപ്രകാരം സ്ഥാനാർത്ഥിക്ക് ഫണ്ട് കൊടുത്തിട്ടില്ല. സ്ഥാനാർത്ഥി പറയുന്നതും അതുതന്നെ. ആൻേറാ ആന്റണി-15.67 ലക്ഷം, എം.കെ. രാഘവൻ-അഞ്ചു ലക്ഷം, കൊടിക്കുന്നിൽ സുരേഷ്-67,109 രൂപ, കെ.സി. വേണുഗോപാൽ-63,200 രൂപ എന്നിങ്ങനെ കോൺഗ്രസ് തന്നു സഹായിച്ചതായി കണക്കിലുണ്ട്. പാർട്ടി സത്യവാങ്മൂലത്തിൽ ഈ തുകകളില്ല. അതേസമയം, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് 50 ലക്ഷം രൂപ വീതം നൽകിയതായി പാർട്ടിയും കിട്ടിയതായി ഇരുവരും കണക്കിൽ കാണിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പു പൂർത്തിയായി മൂന്നു മാസത്തിനകം അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ചെലവു കണക്ക് തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. സ്ഥാനാർത്ഥികളാകട്ടെ, ഒരു മാസത്തിനകം കണക്ക് കൊടുക്കണം. ഓരോ സ്ഥാനാർത്ഥിക്കും കൊടുത്ത തുക, പാർട്ടിയിൽനിന്ന് കിട്ടിയ തുക എന്നിവ ഇരുകൂട്ടരുടെയും കണക്കിൽ ഉണ്ടായിരിക്കും. ഇത് വിശകലനം ചെയ്ത അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് രണ്ടിലെയും പൊരുത്തക്കേടിന്റെ വിശദാംശം പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തീയതി മുതൽ തെരഞ്ഞെടുപ്പു നടപടി പൂർത്തിയായ ദിവസം വരെയുള്ള കാലയളവിൽ നൽകിയ കണക്കാണ് പരിശോധിച്ചത്. ചട്ടപ്രകാരം വലിയ സംസ്ഥാനങ്ങളിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 70 ലക്ഷവും സിക്കിം, ഗോവ പോലുള്ള ചെറുസംസ്ഥാനങ്ങളിൽ 54 ലക്ഷവുമാണ്.

342 എംപിമാരാണ് പാർട്ടിയിൽ നിന്നും ഫണ്ട് തങ്ങൾക്ക് കിട്ടിയെന്ന് ബോധിപ്പിച്ചിരിക്കുന്നത്. കണക്കുകൾ തെരഞ്ഞെടുപ്പ് കമ്ീഷനെ ബോധിപ്പിച്ചത്. ബിജെപിയില് 282 എംപിമാരിൽ 229 പേർക്ക് പാർട്ടി ഫണ്ട് ലഭിച്ചെന്ന് ബോധ്യപ്പെടുത്തുന്നു. എന്നാൽ ഇക്കാര്യം പാർട്ടി വ്യക്തമാക്കിയപ്പോൾ അത് 159 പേരായി ചുരുങ്ങി. കോൺഗ്രസിൽ നിന്നും 18 പേരാണ് തങ്ങൾക്ക് പാർട്ടി ഫണ്ട് ലഭിച്ചെന്ന് പറഞ്ഞത്. എന്നാൽ, പാർട്ടിയുടെ കണക്കിൽ ഇത് 7 പേർ മാത്രമാകുകയും ചെയ്തു.