റിയാദ്: റിയാദിൽ പലയിടങ്ങളിൽ നടത്തിയ റെയ്ഡിൽ പൊലീസ് 330 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബാത്താ, ഡീറാ മേഖലകളിൽ നടത്തിയ റെയ്ഡിലാണ് 40 എത്യോപ്യൻ സ്ത്രീകളും 30 യാചകരും അടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിൽ കുടുങ്ങിയവരിൽ കൂടുതലും യെമനിൽ നിന്നുള്ളവരാണെന്ന് വക്താവ് വെളിപ്പെടുത്തി.

റെസിഡൻസി പെർമിറ്റ് ഇല്ലാത്തവർ, പൊതുസ്ഥലങ്ങളിൽ അനധികൃതമായി കച്ചവടം നടത്തുന്നവർ തുടങ്ങിയവരെയാണ് റെയ്ഡിൽ പിടികൂടിയിരിക്കുന്നത്. പൊലീസും ലേബർ മിനിസ്ട്രിയും ഒത്തുചേർന്നാണ് റെയ്ഡുകൾ സംഘടിപ്പിച്ചത്. അനധികൃത തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗവും അടച്ച ശേഷമാണ് അധികൃതർ റെയ്ഡ് നടപ്പാക്കിയത്.

കുറ്റങ്ങൾക്കനുസൃതമായി പിടിയിലായവർക്ക് ശിക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു. പിഴ, ജയിൽവാസം, നാടുകടത്തൽ തുടങ്ങിയവയായിരിക്കും ഇക്കൂട്ടർക്ക് നൽകുന്ന ശിക്ഷ. അനധികൃത തൊഴിലാളികളെ തടയുക, മദ്യക്കടത്ത്, മോഷണം, പിടിച്ചുപറി തുടങ്ങിയ തടയുക എന്നിവ ലക്ഷ്യമിട്ട് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ രാജ്യമെമ്പാടും ശക്തമായ തോതിൽ റെയ്ഡുകൾ നടത്തിവരികയാണ്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളാണ് മിക്ക കുറ്റകൃത്യങ്ങൾക്കും പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.