കുവൈറ്റ്: അടുത്ത കാലത്തായി കുവൈറ്റിൽ ദാമ്പത്യപ്രശ്‌നങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നത് പതിവായതോടെ വിവാഹമോചന കേസുകളും വർധിച്ചുവരുന്നതായി ജസ്റ്റീസ് മിനിസ്ട്രി പഠനം വ്യക്തമാക്കുന്നു. കുവൈറ്റികളിൽ 35 ശതമാനം പേരും വിവാഹം കഴിക്കാത്തവരാണെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 21 ശതമാനം പേർ വിവാഹമോചനം നേടിയവരും. ഇവരിൽ ഭൂരിഭാഗം പേരും സ്ത്രീകളുമാണ്.

സ്ത്രീകളുടെ സോഷ്യൽ സ്റ്റാറ്റസിൽ വന്ന മാറ്റവും തന്മൂലം പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ വരുന്ന പാളിച്ചയുമാണ് രാജ്യത്ത് വിവാഹമോചനം വർധിക്കുന്നതിന്റെ കാരണമായി എടുത്തുപറയുന്നത്. കൂടാതെ കുവൈറ്റ് സ്ത്രീകൾ കുവൈറ്റികളല്ലാത്തവരെ വിവാഹം കഴിക്കാൻ ഉത്സാഹം കാട്ടുന്നതായി പഠനം തെളിയിക്കുന്നു.

മറിച്ച്, കുവൈറ്റ് പുരുഷന്മാർ കുവൈറ്റികളല്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്നതിലും വൻവർധന രേഖപ്പെടുത്തുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന സ്ത്രീധനവും വിവാഹചെലവും ഓർത്താണ് കുവൈറ്റികളല്ലാത്ത സ്ത്രീകളെ വിവാഹം ചെയ്യാൻ കുവൈറ്റി പുരുഷന്മാർ തയാറാകുന്നത്. കുവൈറ്റിൽ ശരാശരി സ്ത്രീധനം 7000 ദിനാറും പുരുഷന്മാരുടെ വിവാഹപ്രായം 27ഉം സ്ത്രീകളുടേത് 24ഉം ആണ്.
ആധുനിക കാലത്തെ ടെക്‌നോളജിയും കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നാണ് വെളിവാകുന്നത്. സ്മാർട്ട് ഫോൺ പോലെയുള്ള ആധുനിക കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ആണ് ഇതിനു കാരണമായി പറയപ്പെടുന്നത്. എട്ടു ശതമാനം പേർ വിവാഹം കഴിക്കാത്തതിന്റെ പ്രധാന കാരണം ഇത്തരം സാങ്കേതിക വിദ്യയാണെന്ന് കരുതുന്നു.

തലസ്ഥാനത്താണ് ഇത്തരം കേസുകൾ ധാരാളമായി കാണുന്നത്. സർക്കാർ ജീവനക്കാരായ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇടയിൽ ഏറ്റവും കൂടുതൽ വിവാഹമോചനം കാണുന്നത് ഹവാളിയിലാണ്. ആൺമക്കൾക്ക് വധുവിനെ കണ്ടെത്തുന്നതിൽ മാതാപിതാക്കൾ ആധിപത്യം കാട്ടുന്നതും വിവാഹമോചനങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്- പഠനറിപ്പോർട്ടിൽ പറയുന്നു.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)