കൊച്ചി: അറുപത്തിയേഴുകാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച് ഒടുവിൽ കുറ്റിക്കാട്ടിൽ തള്ളിയയാൾ പൊലീസ് പിടിയിൽ. കൊച്ചി ഞാറയ്ക്കൽ ആറാട്ടുവഴി കടപ്പുറത്തെ മണപ്പുറത്ത് ആനന്ദനാ(37)ണ് പിടിയിലായത്.

ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലായിരുന്നു വയോധികയുടെ ഭർത്താവ് ചികിത്സയിൽ കഴിയുന്നത്. ഭർത്താവിനു അസുഖം കൂടിയതിനാൽ അദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ട് പോകുവാൻ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിനുള്ള തയ്യാറെടുപ്പുകൾക്കായാണു വയോധിക വീട്ടിലെത്തിലത്.

എന്നാൽ, അസുഖം മൂർച്ഛിച്ചതിനാൽ ഭർത്താവിനെ എറണാകുളത്തേക്കു കൊണ്ടുപോയെന്നു പറഞ്ഞ് ആനന്ദൻ വീട്ടിൽ എത്തുകയായിരുന്നു. എറണാകുളം ആശുപത്രിയിലെത്തിക്കാമെന്നും ഇയാൾ പറഞ്ഞു. അവിടെ എത്തിക്കാമെന്നു പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴിനുശേഷം ഇയാൾ ഇവരെയും കൂട്ടി ബസിൽ പോയി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി ഭർത്താവിനെ അന്വേഷിച്ചു. കാണാതായപ്പോൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് ഇയാൾ ഇവരെ കൊണ്ടു പോകുകയും അവിടെ ചെന്ന് അന്വേഷിച്ചു. അവിടെയും ആളില്ല എന്ന വിവരമാണു ലഭിച്ചത്. തുടർന്നു തിരിച്ചു വീട്ടിലേക്കു പോകുവാൻ മെഡിക്കൽ കോളേജിനു സമീപമുള്ള വഴി എളുപ്പവഴിയാണെന്ന് ഇവരെ പ്രതി തെറ്റിദ്ധരിപ്പിച്ചു. ഈ സമയമത്രയും ഇവരുടെ ഭർത്താവ് ഞാറയ്ക്കൽ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു.

എളുപ്പവഴിയെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി വയോധികയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ട് പോകുകയും ഇവിടെ പരിസരത്തുള്ള കുറ്റിക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു ഞാറയ്ക്കൽ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കൃത്യത്തിനുശേഷം അവശയായ വയോധികയെ ഉപേക്ഷിച്ചു ഇവിടെനിന്നു പ്രതി കടന്നു കളഞ്ഞു. ബോധരഹിതയായി ഇവർ എങ്ങനെയോ നിരങ്ങി രാത്രി രണ്ടോടെ റോഡിൽ എത്തുകയായിരുന്നു. അതുവഴി കടന്നു പോയ കാർ യാത്രക്കാരൻ ഇവരെ കണ്ട് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. കളമശേരി പൊലീസെത്തിയാണു ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മത്സ്യത്തൊഴിലാളിയായ ഇയാളെ വീടിനടുത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാൾക്കു മാനസിക രോഗമില്ലെന്നും മയക്കുമരുന്നിന് അടിമയായ ആളല്ലെന്നുമാണു പൊലീസ് പറയുന്നത്. പക്ഷെ ഇയാൾ അടുത്തുള്ള വീട്ടിലെയും മറ്റും കുളിമുറികളിൽ കുളിക്കുന്ന സ്ത്രീകൾക്കു പലപ്പോഴും ശല്യമുണ്ടാക്കിയെന്നും പരാതിയുണ്ട്. പ്രതിയെ ഞാറയ്ക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ