ന്യൂഡൽഹി: സെൻസസ് വിവരങ്ങൾ കേന്ദ്രം പുറത്തുവന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് ജാതി തിരിച്ചുള്ള കണക്കുകളാണ്. എന്നാൽ, ഇത്തരം കണക്കുകൾ എല്ലാ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോൾ കാണാതെ പോയ ചില കാര്യങ്ങളുണ്ട്. ഒരുപക്ഷേ, ഇന്ത്യക്ക് അഭിമാനിക്കാൻ തക്കവണ്ണമുള്ള ചില വസ്തുതകൾ.

2001 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർധന 38 ശതമാനമാണ്. അതായത് 22.9 കോടിയിൽ നിന്ന് 31.5 കോടിയായാണ് വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചത്. ഈ കാലഘട്ടത്തിലെ ജനസംഖ്യാവർധന 18 ശതമാനം മാത്രമായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ കണക്ക് അഭിമാനിക്കത്തക്കതാകുന്നത്.

15 മുതൽ 19 വയസുവരെയുള്ള വിദ്യാർത്ഥികളുടെ വർധന 73 ശതമാനമാണ്. 4.4 കോടിയിൽ നിന്ന് 7.6 കോടിയായാണ് വർധന. ഹയർ സെക്കൻഡറി-ബിരുദതലത്തിലു്ള്ള വിദ്യാർത്ഥികളാണ് ഈ ശ്രേണിയിൽ വരുന്നത്. സ്‌കൂൾ തലത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിനു ഗണ്യമായ കുറവു വന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥിനികളാണ് എണ്ണത്തിൽ കൂടുതൽ എന്നതും നല്ലൊരു മാറ്റത്തിന്റെ പാതയിലാണ് രാജ്യം എന്നു വെളിവാക്കുന്നു. അതേസമയം, അഭ്യസ്തവിദ്യരുടെ എണ്ണം വർധിക്കുമ്പോൾ അതിനൊത്ത ജോലിസാഹചര്യങ്ങൾ ഒരുക്കാൻ അധികൃതർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ വിചക്ഷണർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സർവ ശിക്ഷ അഭ്യാൻ (എസ്എസ്എ) സ്‌കൂളുകളിൽ ആരംഭിച്ചതോടെ സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനയുണ്ടായി. അഞ്ചു മുതൽ ഒമ്പതുവരെയും പത്തു മുതൽ 14 വരെയും പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്ന അവസ്ഥയാണ് എസ്എസ്എ വന്നതോടെ സംജാതമായത്. ഈ പദ്ധതിയുടെ പ്രയോജനം വിദ്യാർത്ഥികൾക്കു
ലഭിച്ചതോടെ 1996, 2004-05 കാലഘട്ടത്തിൽ സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കാൻ ഇടയാക്കി.

സാമ്പത്തികമായി വ്യത്യസ്ത തലങ്ങളിൽ ഉള്ളവർ തമ്മിൽപോലും വിദ്യാഭ്യാസ കാര്യത്തിലുള്ള അന്തരം വലുതായി ഇല്ലെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ വിവിധ മേഖലകൾ പരിശോധിക്കുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വ്യതിയാനം തന്നെയുണ്ട്.

വിവിധ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിരിക്കുന്നത് കേരളമാണ്. 15-19 വയസുള്ള വിദ്യാർത്ഥികളുടെ കണക്കു പരിശോധിക്കുമ്പോൾ കേരളത്തിൽ 83 ശതമാനം വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയപ്പോഴും ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വെറും 43 ശതമാനം മാത്രമാണ്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും വളരെ താഴ്ന്നതാണ് വിദ്യാർത്ഥികളുടെ കണക്കെന്നതും പഠനത്തിൽ വെളിപ്പെടുന്നു. ബംഗാളിൽ 53ഉം ഗുജറാത്തിൽ 51ഉം ശതമാനം കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടുന്നത്. വ്യാവസായിക മേഖലയിൽ മുന്നിലുള്ള മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും വിദ്യാർത്ഥികളുടെ കാര്യത്തിൽ ഉയർന്ന ശതമാനക്കണക്കാണു രേഖപ്പെടുത്തുന്നത്.