രാജ്യത്ത് കള്ളപ്പണം തടയാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനയ്ക്ക് പാൻ നിർബന്ധമല്ല, പലതിലും കൊടുത്തയാളുടെ വിവരങ്ങൾ പോലും അജ്ഞാതം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പാൻ കാർഡ് വിവരങ്ങളൊ, മറ്റ് യാതൊരു രേഖയുമില്ലാത്ത 3000 സംഭാവനകളാണ് രാഷ്ട്രീയ പാർട്ടികളിൽ എത്തിയിരിക്കുന്നത്. ഒരു സാമ്പത്തിക വർഷം 20,000 രൂപയിൽ അധികം തുക പാർട്ടി ഫണ്ട് നൽകുന്നയാളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകണണ് നിയമം.

2012-16 കാലയളവിൽ 1933 പേരിൽ നിന്നായി 384 കോടി രൂപയാണ് ആധാർ നമ്പറില്ലാതെ വിവിധ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്. ഇതേകാലത്ത് തന്നെ 1546 പേരിൽ നിന്നായി 355 കോടി രൂപയാണ്((കൊടുത്തതാരെന്ന് അജഞാതം) സംഭാവന ലഭിച്ചിരിക്കുന്നത്.

പാൻ കാർഡ്, ആധാർ വിവരങ്ങൾ എന്നിവയില്ലാതെ വന്ന സംഭാവനകളിൽ 159 കോടി രൂപയും ബിജെപിയിലേക്കാണ് എത്തിയതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്(എഡിആർ) റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിലുള്ള സംഭവാനകളിൽ സിംഹഭാഗവും കൈമാറിയത് 2014-15 കാലഘട്ടത്തിലാണെന്ന് എഡിആർ റിപ്പോർട്ടിലുണ്ട്. 2012 മുതൽ 16 വരെയുള്ള കാലയളവിൽ അഞ്ച് ദേശീയ പാർട്ടികൾക്കായി 956.77 കോടിയുടെ കോർപ്പറേറ്റ് സംഭാവനയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 89 ശതമാനത്തിന്റെയും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

ബിജെപി, കോൺഗ്രസ്, എൻസിപി, സിപിഐ, സി.പി.എം എന്നീ പാർട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കും(705.81 കോടി). കോണ്ഡഗ്രസിന് 198.16 കോടി, എൻസിപിക്ക് 50.73 കോടി, സി.പി.എം 1.89 കോടി, സിപിഐ 18 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പർട്ടികൾക്ക് ലഭിച്ച സംഭാവന.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കോൺഗ്രസിനു ലഭിച്ച സംഭവനകളുടെ 83 ശതമാനവും ബിജെപിയുടെ 65 ശതമാനത്തിന്റെയും ഉറവിടം വെളിപ്പെടുത്താത്തവയാണ്.