- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പണറായി ധവാനെത്തും; അരങ്ങേറ്റത്തിന് രവി ബിഷ്ണോയ്; വിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ; നായകൻ രോഹിത്ത് അപൂർവ നേട്ടത്തിന് അരികെ
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് മൂന്നാം മത്സരത്തിന് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്. ഐപിഎൽ താരലേലത്തിന് തൊട്ടു മുൻ ദിവസം നടക്കുന്ന മത്സരമെന്ന നിലയിലും കളി ശ്രദ്ധേയമാകും.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്ന ധവാൻ തന്നെയാകും നാളെ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കെ എൽ രാഹുൽ മധ്യനിരയിൽ കളിക്കുമ്പോൾ റിഷഭ് പന്ത് വീണ്ടും ഫിനിഷറുടെ റോളിലെത്തും.
ഓപ്പണർ ശിഖർ ധവാൻ ടീമിനൊപ്പം പരിശീലനം നടത്തിയത് ഇന്ത്യൻ ടീമിന് ശുഭവാർത്തായാണ്. കോവിഡ് ബാധിതനായ ഓപ്പണർ റുതുരാജ് ഗെയ്ക്വാദ് കോവിഡ് മുക്തനായിരുന്നു. ഇതുവരെ അവസരം ലഭിക്കാത്ത ഗെയ്ക്വാദിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഫലത്തിൽ കൂടുതൽ കരുത്താർജിച്ച ടീമുമായാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യ വെള്ളിയാഴ്ച വിൻഡീസിനെ നേരിടുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സ്ഥിതിക്ക് ഇന്ത്യ മൂന്നാം മത്സരത്തിൽ ചില പരീക്ഷണങ്ങൾക്കു തുനിയാനും സാധ്യതയുണ്ട്.
ധവാന്റെയും ഒപ്പം കോവിഡ് സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്വാദിന്റെയും അഭാവത്തിൽ ഒന്നാം ഏകദിനത്തിൽ ഇഷാൻ കിഷനും രണ്ടാം ഏകദിനത്തിൽ ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ധവാൻ തിരിച്ചെത്തുന്നതോടെ രോഹിത്തിനൊപ്പം അദ്ദേഹം ഓപ്പണറുടെ കുപ്പായമണിയും. ഇക്കാര്യം രണ്ടാം ഏകദിനത്തിനു പിന്നാലെ രോഹിത് ശർമ സ്ഥിരീകരിക്കുകയും ചെയ്തു.
71ാം രാജ്യാന്തര സെഞ്ചുറിക്കായി ദീർഘനാളായി കാത്തിരിക്കുന്ന മുൻ നായകൻ വിരാട് കോലിയും മധ്യനിരയ്ക്കു കരുത്തുപകരും. രണ്ടാം ഏകദിനത്തിൽ ടോപ് സ്കോററായ സൂര്യകുമാർ യാദവ് മധ്യനിരയിലുണ്ടാകും.
ഒന്നാം ഏകദിനത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ദീപക് ഹൂഡയാകും ധവാനായി വഴിമാറുക. കോവിഡിൽനിന്ന് മുക്തനായി ശ്രേയസ് അയ്യർ മൂന്നാം ഏകദിനത്തിന് എത്തുമോയെന്ന് വ്യക്തമല്ല. അയ്യർ കൂടിയെത്തിയാൽ ടീമിൽ വീണ്ടും മാറ്റങ്ങൾക്കു സാധ്യതയുണ്ട്.
പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ബോളിങ് നിരയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കളിക്കാൻ സാധ്യതയേറെയാണ്. യുവ സ്പിന്നർ രവി ബിഷ്ണോയിക്ക് അരങഅങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്ന ആകാംക്ഷയുമുണ്ട്. വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചെഹൽ എന്നിവരിൽ ഒരാൾ പുറത്തിരിക്കുമെന്ന് ഉറപ്പ്.
പേസ് ബോളർമാരിൽ മധ്യപ്രദേശ് താരം ആവേശ് ഖാനാണ് അവസരം കാത്തിരിക്കുന്നത്. രണ്ടാം ഏകദിനത്തിൽ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ ടീമിൽ ഇടം നിലനിർത്താനാണ് സാധ്യത. ഓൾറൗണ്ട് മികവുള്ള ഷാർദുൽ ഠാക്കൂറും ടീമിൽ തുടർന്നേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് സിറാജിനു പകരം ആവേശ് ഖാൻ അരങ്ങേറും.
മൂന്നാം ഏകദിന മത്സരം ജയിച്ച് പരമ്പര തൂത്തുവാരിയാൽ ക്യാപ്റ്റനെന്ന നിലയിൽ ഒരു അപൂർവ റെക്കോർഡും രോഹിത് ശർമക്ക് സ്വന്തമാക്കാനാവും. 2014-2015നുശേഷം നാട്ടിൽ ഏകദിന പരമ്പര തൂത്തുവാരുന്ന നായകനെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 2014-15ൽ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ശ്രീലങ്കക്കെതിരെ ആണ് അവസാനമായി നാട്ടിൽ ഏകദിന പരമ്പരയിൽ സമ്പൂർണ ജയം നേടിയത്.
വിദേശത്ത് 2017ൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പൂർണ ജയം സ്വന്തമാക്കിയിരുന്നു. നാളെ ജയിച്ചാൽ അഞ്ച് വർഷത്തിനിടെ ആദ്യമായി ഏകദിന പരമ്പര തൂത്തുവാരുന്ന നായകനെന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലാവും.
ശ്രീലങ്ക, ന്യൂസിലൻഡ്, സിംബാബ്വെ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ആണ് ഇതിന് മുമ്പ് ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയിട്ടുള്ളത്. വെള്ളിയാഴ്ച ജയിച്ചാൽ വിൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യൻ നായകനെനന് റെക്കോർഡും രോഹിത്തിന്റെ പേരിലാവും.
സ്പോർട്സ് ഡെസ്ക്