- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ മൂന്നാം തരംഗ സൂചന ; 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ് ; 48 മണിക്കൂറിനിടെ ആശങ്കയുയർത്തി ഇരട്ടിയിലേറെ രോഗികൾ; നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്രയിൽ ഇരട്ടിയിലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 3900 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച ഇത് 8067 ആയി കുതിച്ചുയർന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
മുംബൈയിലും സ്ഥിതി രൂക്ഷമാണ്. ബുധനാഴ്ച 2445 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച ഇത് 5428 ആയി വർധിച്ചു. ഓമിക്രോൺ വ്യാപനവും മഹാരാഷ്ട്രയിൽ രൂക്ഷമായി. 454 പേർക്കാണ് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചത്.ഓമിക്രോൺ വ്യാപനം കൂടി രൂക്ഷമായ സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് പ്രകടമായതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ഡൗൺ പടിവാതിൽക്കലാണെന്ന് മന്ത്രി വിജയ് വഡേത്തിവാർ പറഞ്ഞു.
കോവിഡ് കേസുകൾ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടിയാൽ ഇതല്ലാതെ സർക്കാരിന് മുന്നിൽ മറ്റു മാർഗമില്ല. അതിനാൽ രോഗവ്യാപനം തടയാൻ ജനങ്ങൾ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അജിത് പവാർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ നിലവിൽ 24,509 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാന റവന്യൂമന്ത്രി ബാലാസാഹേബ് തൊറാട്ടിന് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ വർഷ ഗെയ്ക് വാദ്, കെ സി പഡ്വി എന്നിവരെല്ലാം രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ