ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധമേഖലയ്ക്കായി ധനമന്ത്രി നിർമല സീതാരാമൻ 2021-22 കേന്ദ്ര ബജറ്റിൽ നീക്കിവെച്ചത് 4.78 ലക്ഷം കോടി. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ഏറ്റവുമധികം തുക പ്രതിരോധരംഗത്ത് നീക്കിവച്ച ബഡ്ജറ്റാണിത്. കഴിഞ്ഞ വർഷം 4.71 ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ നീക്കിവെച്ചിരുന്നത്, 7.4 ശതമാനത്തിന്റെ വർധനവ് ഇത്തവണ വരുത്തിയത്.

ഇതിൽ 1.35 ലക്ഷം കോടി രൂപ ആയുധങ്ങൾ വാങ്ങുന്നതിനും ആധുനികവൽക്കരണത്തിനുമായിട്ടുള്ളതാണ്. കഴിഞ്ഞ തവണ ആയുധങ്ങൾ വാങ്ങുന്നതിനായി 1.13 ലക്ഷം കോടിയായിരുന്നു മാറ്റിവെച്ചിരുന്നത്. റൈഫിളുകൾ, മിസൈലുകൾ, ലാൻഡ് സിസ്റ്റം തുടങ്ങിയവയായിരിക്കും ഇതുപയോഗിച്ച് വാങ്ങുക.

2021-22 സാമ്പത്തിക വർഷത്തിൽ പ്രതിരോധമേഖലയ്ക്ക് 4.78 ലക്ഷം കോടി മാറ്റിവെച്ചുകൊണ്ട് പ്രതിരോധ ബജറ്റ് വർധിപ്പിച്ചതിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഈ വർഷത്തെ ബഡ്ജറ്റിൽ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ പണം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും നന്ദി അറിയിക്കുന്നു. പ്രതിരോധ മൂലധനത്തിൽ 19 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ ഇങ്ങനെ ഏറ്റവുമധികം തുക വകയിരുത്തിയത് ഈ വർഷമാണ്.' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിനും തൊഴിലുകൾ സൃഷ്ടിക്കുന്നതിനും മൂലധന രൂപീകരണത്തിനും ബഡ്ജറ്റ് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡാനന്തരം ഒരു പുതിയ ലോകക്രമം ഉണ്ടാകുകയാണെന്നും ഇന്ത്യയ്ക്ക് അതിൽ മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ അഭിപ്രായപ്പെട്ടു.



ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമേഖലയ്ക്കായി ഇത്രയും തുക ധനകാര്യമന്ത്രാലയം ബജറ്റിൽ നീക്കിവെക്കുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ചൈനയുമായി താരതമ്യപ്പെടുത്തി നോക്കിയാൽ സൈന്യത്തിനായി പണം ചെലവഴിക്കുന്നതിൽ ഇന്ത്യ വളരെ പിറകിലാണ്. 2014-19 വരെ 261.1 ബില്യൺ ഡോളറാണ് പ്രതിരോധമേഖലയ്ക്കായി ചൈന ചെലവഴിച്ചത്. ഇതേസമയം ഇതേ കാലഘട്ടത്തിൽ ഇന്ത്യ ചെലവിട്ടത് 71.1 ബില്യൺ ഡോളറും. ഇതേ കാലയളവിൽ അയൽരാജ്യമായ പാക്കിസ്ഥാൻ 10.3 ബില്യൺ ഡോളർ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ചെലവഴിച്ചിട്ടുണ്ട്.