- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെയും വനിതാസുഹൃത്തിനെയും തടഞ്ഞുനിർത്തി ഫോട്ടോയെടുത്തു; ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒടുവിൽ പൊലീസ് കെണിയിൽ വീണപ്പോൾ നിലവിളിയും
മടിക്കൈ: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും വനിതാസുഹൃത്തിനേയും തടഞ്ഞുനിർത്തി ഫോട്ടായെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നാലുപേരെ അമ്പലത്തറ സിഐ രഞ്ജിത് രവീന്ദ്രനും സംഘവും അറസ്റ്റുചെയ്തു. മടിക്കൈ മലപ്പച്ചേരിയിലെ പി രാജീവനെ (46) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ചിട്ടി രാജൻ, ശരത്, ജിജിത്, സുധീഷ് എന്നിവരെയാണ് പൊലീസ് തന്ത്രപൂർവം അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം രാജീവനും അയൽവാസിയായ വനിതാ സുഹൃത്തും കാറിൽ സഞ്ചരിക്കുമ്പോൾ കാരാക്കോട്ട് മൈതാനത്തിനടുത്തുവെച്ച് മറ്റൊരുകാറിൽ പിന്തുടർന്ന് എത്തിയ പ്രതികൾ ഇവരുടെ കാർ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി ഇരുവരുടേയും ഫോട്ടോ പകർത്തിയശേഷം വിട്ടയക്കുകയും, പിന്നീട് രാജീവനെ സംഘം ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി.
പണം നൽകിയില്ലെങ്കിൽ യുവാവിന്റെയും വനിതാ സുഹൃത്തിന്റെയും ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജീവൻ വിവരം ഉടൻ അമ്പലത്തറ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
പൊലീസ് നിർദ്ദേശിച്ച പ്രകാരം രാജീവൻ സംഘത്തോട് പണം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. പ്രതികൾ പറഞ്ഞ പ്രകാരം മാവുങ്കാലിൽ വെച്ച് പണം നൽകാമെന്ന് സമ്മതിച്ചു. പണം വാങ്ങാനെത്തിയപ്പോൾ മറഞ്ഞിരുന്ന പൊലീസ് ചാടി വീണതോടെ നാലുപേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രാജനേയും ജിജിതിനേയും സ്ഥലത്തുവെച്ചും മറ്റ് രണ്ടുപേരെ പിന്നീടു വീട്ടുപരിസരത്ത് വെച്ചും അറസ്റ്റുചെയ്യുകയായിരുന്നു. പൊലീസ് പിടികൂടിയപ്പോൾ സംഭവം തമാശ ആക്കിയതാണെന്നും പണം വാങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലയെന്ന് പറഞ്ഞു നിലവിളിച്ചെങ്കിലും പൊലീസ് നിരത്തിയ തെളിവുകൾ പ്രതികൾക്ക് എതിരായി മാറി .
ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എസ്ഐ വിജയകുമാർ, എഎസ്ഐ രഘുനാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ കലേഷ്, രതീശൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്