കോട്ടയം: വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും കൂട്ടുകാർക്ക് കാഴച വയ്ക്കുകയും ചെയ്ത യുവാവും മൂന്ന് സുഹൃത്തുക്കളും പൊലീസ് പിടിയിൽ. പട്ടിക ജാതിക്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ആണ് പീഡനത്തിന് ഇരയായത്. പൂഞ്ഞാർ മൂന്നിലവ് സ്വദേശികളായ അനീഷ് (28), അനൂപ് (44), കണ്ണൻ (18), മനീഷ് (33) എന്നിവരാണു പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരിയെയാണു ഇവർ പിഡിപ്പിച്ചതെന്നും കാമുകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ മറ്റുള്ള സുഹൃത്തുക്കൾക്കു കാഴ്ചവയ്ക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

പൊലീസ് പറയുന്നതിങ്ങനെ: കാമുകനായിരുന്ന അനീഷാണു വിവാഹ വാഗ്ദാനം നല്കി ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. മുണ്ടക്കയത്തിനു സമീപത്തുള്ള രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു ഇത്. ഇതിനിടെ ഇയാൾ പെൺകുട്ടി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഏതാനും ദിവസങ്ങൾക്കുശേഷം അനീഷ് പെൺകുട്ടിയെ വിളിച്ചു നേരിൽ കാണണമെന്നു ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ കണ്ട സമയത്ത് പെൺകുട്ടിയെ മൊബൈലിൽ പകർത്തിയിരുന്ന അശ്ലീല ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പണമോ ആഭരണങ്ങളോ നല്കാനില്ലെന്നു പറഞ്ഞതോടെ പെൺകുട്ടിയെ ഇയാൾ സുഹൃത്തായ അനൂപിനു കാഴ്ചവയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും ഇയാൾ മൊബൈൽ കാമറയിൽ പകർത്തി. കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും പെൺകുട്ടിയെ ഫോണിൽ ഇയാൾ വിളിച്ചു. എന്നാൽ പെൺകുട്ടി ഫോൺ എടുത്തിരുന്നില്ല. തുടർച്ചയായി ഫോൺ എടുക്കാതെ വന്നതോടെ ഇയാൾ പെൺകുട്ടി സ്‌കൂളിൽ പോകുന്ന വഴിക്കു വച്ചു കാണുകയും വീണ്ടും ഭീഷണപ്പെടുത്തുകയും ചെയ്തു. തന്റെ പക്കലുള്ള രണ്ടു അശ്ലീല ദൃശ്യങ്ങളും സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി. ഇങ്ങനെ രണ്ടു പേർക്കു കൂടി പെൺകുട്ടിയെ കാഴ്ച വയ്ക്കുകയായിരുന്നു.

തുടർന്നും കാമുകന്റെ ശല്യം സഹിക്കാതായതോടെ പെൺകുട്ടി സ്‌കൂളിലേക്കു പോകാത്ത സാഹചര്യമായി. ഇങ്ങനെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്തുക്കളായ വിദ്യാർത്ഥികൾ എത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണു പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്നു പെൺകുട്ടിയും മാതാപിതാക്കളും ചേർന്നു മുണ്ടക്കയം പൊലീസിൽ പരാതി നല്കുകയായിരുന്നു.

പ്രതികൾക്കെതിരെ ദളിത്, ലൈംഗിക പീഡന വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ഇമ്മാനുവൽ പോൾ, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണു പെൺകുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടത്. അശ്ലീല ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.