കൊച്ചി: വ്യാപാരിയെ മയക്കുമരുന്നു നൽകി മയക്കി സ്ത്രീകൾക്കൊപ്പം നിർത്തി നഗ്നഫോട്ടോയെടുത്തു ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ അറസ്റ്റിലായയാൾ കിടപ്പറ ദൃശ്യങ്ങൾ സിഡിയാക്കി വിറ്റ കേസിലെ പ്രതി. സ്വന്തം കാമുകിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചു സിഡിയാക്കി വിറ്റു പണം തട്ടിയ കേസിലെ പ്രതിയായ നെന്മാറ ചാത്തമംഗലം തേവർമണി വീട്ടിൽ ഷിബിലി(37)യും മറ്റു മൂന്നു പേരുമാണു പിടിയിലായത്.

പന്ത്രണ്ടുവർഷം മുൻപ് തോപ്പുംപടിയിലെ ഹോട്ടൽ മുറിയിൽ തന്നോടൊപ്പമുള്ള കാമുകിയുടെ ബ്ലൂഫിലിം ചിത്രീകരിച്ചു വിൽപ്പന നടത്തിയ കേസിലെ പ്രതിയാണു ഷിബലി. വ്യാപാരിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ കൊച്ചി രാമേശ്വരം പീടിയക്കൽ പറമ്പിൽ ഡാനി ജോൺ (30), ചെറുതുരുത്തി തലശേരി ചെറുവിൽപീടികയിൽ മുസ്തഫ(27), ഉദയംപേരൂർ കൊച്ചുപള്ളി പുതുകുളങ്ങരയിൽ ശരത്(22) എന്നിവരാണ് ഷിബിലിക്കൊപ്പം അറസ്റ്റിലായത്.

കഴിഞ്ഞ സെപ്റ്റംബർ 21 നായിരുന്നു കണ്ണൂർ സ്വദേശിയും ഇടപ്പള്ളിയിൽ മൊബൈൽ ഫോൺ കണക്ഷൻ വിതരണക്കാരനുമായ അജിത്കുമാറിനെ കുരുക്കിലാക്കിയത്. പാലാരിവട്ടത്ത് വിന്നേഴ്സ് ഫാക്ടറി എന്ന വ്യാജ സിനിമാക്കമ്പനിയുടെ മറവിലാണു പ്രതികൾ തട്ടിപ്പിനു ശ്രമിച്ചത്. പുതിയ സിനിമയുമായി ബന്ധപ്പെട്ടവർക്ക് കോർപ്പറേറ്റ് ഫോൺ കണക്ഷൻ വേണം എന്ന വ്യാജേന ഒന്നാം പ്രതി ഷിബിലിയുടെ വൈറ്റില കണിയാംപുഴയിലെ ശ്വാസ് ഹോംസിലെ ഫ്ളാറ്റിലെത്തിച്ചു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അജിത്കുമാറിനെ മയക്കിക്കിടത്തിയ ശേഷം സംഘത്തിൽ പെട്ട യുവതികൾക്കൊപ്പം കിടത്തി നഗ്നഫോട്ടോകൾ എടുത്തു. പിന്നീട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച അജിത്തിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ സംഘം ശ്രമിച്ചു. ഭീഷണിയെ തുടർന്ന് വ്യാപാരി ടാസ്‌ക് ഫോഴ്സിൽ പരാതി നൽകുകയായിരുന്നു.

ഷിബിലിയെ അജിത് പരിചയപ്പെട്ടത് സുഹൃത്തു വഴിയാണ്. 25 സിം കാർഡ് വേണമെന്ന് ആവശ്യപ്പെട്ട് അജിത്തിനെ വൈറ്റിലയിലുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. മയക്കുമരുന്ന് കലർത്തിയ മദ്യം കഴിച്ചയുടൻ ബോധം നഷ്ടപ്പെട്ട അജിത്ത് പിറ്റേദിവസം പുലർച്ചെ അഞ്ചിനാണ് ഉണർന്നത്. ഈ സമയം ഷിബിലി, ഡാനി, ശരത് എന്നിവരെക്കൂടാതെ രണ്ട് സ്ത്രീകളും അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഉണർന്നയുടൻ അജിത്ത് രക്ഷപ്പെടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ ഷിബിലിയും കൂട്ടരും അജിത്തിന്റെ ജോലി സ്ഥലത്തെത്തി പുറത്തേക്കു വിളിച്ച് വരുത്തിയശേഷം മറ്റൊരു സ്ത്രീയുമായി കിടക്കുന്ന ഫോട്ടോ കാണിച്ചു. ഇത് ഇന്റർനെറ്റ് വഴി പരസ്യപ്പെടുത്തുമെന്നും അജിത്തിന്റെ ഭാര്യയ്ക്ക് അയച്ചു കൊടുക്കമെന്നും ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക ഉടൻ ഏർപ്പാടാക്കാൻ സാധിക്കില്ലെന്നു പറഞ്ഞപ്പോൾ വ്യാപാരിയെ ഷിബിലിയുടെ കാറിൽ കയറ്റി. ഓട്ടത്തിനിടെ രണ്ടു മണിക്കൂറോളം മർദിച്ചു. തുടർന്നു സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ഒരാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ എത്തിക്കാമെന്ന് അജിത്തിനെ സമ്മതിപ്പിച്ചു.

ഇതോടെ കാറിൽ നിന്ന് ഇറക്കിവിട്ടു. വീട്ടിലെത്തിയ യുവാവിനെ രണ്ടാഴ്ചയോളം ഷിബിലിയും കൂട്ടരും ഭീഷണിപ്പെടുത്തൽ തുടർന്നു. പണം നൽകാൻ കഴിയാതായതോടെ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഭാര്യയോടു ഭീഷണിയെക്കുറിച്ചു ധരിപ്പിച്ചു. അവർ അയൽവാസിയായ സ്ത്രീയോടു കാര്യം പറഞ്ഞു. ഇതോടെ അജിത്തുമായി റെസിഡന്റസ് അസോസിയേഷൻ ഭാരവാഹി തോമസ് സംസാരിക്കുകയും വിവരം സിറ്റി ടാസ്‌ക് ഫോഴ്സിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിനു പണം നൽകാമെന്നു ഷിബിലിയെ അറിയിച്ചു. പണം വാങ്ങാനായി അജിത്തിന്റെ വീട്ടിലെത്താമെന്ന് പ്രതി സമ്മതിച്ചു. ടാസ്‌ക് ഫോഴ്സ് അംഗങ്ങൾ വീട്ടിൽ ഒളിച്ചിരുന്നു. എന്നാൽ, ഷിബിലിക്കു പകരമെത്തിയതു ശരത്തായിരുന്നു. വീട്ടിൽ ലൈറ്റില്ലെന്ന് ഷിബിലിയെ അറിയിച്ചപ്പോൾ മടങ്ങിപ്പോരാൻ നിർദ്ദേശം നൽകി. പ്രതികൾക്കായി തുടർന്നും ടാസ്‌ക് ഫോഴ്സ് അന്വേഷണം ഊർജിതമാക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതികൾ മുങ്ങി.

പിന്നീടു നവംബർ ആദ്യം മുസ്തഫയെ അജിത്തിന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. ഒരാഴ്ചയ്ക്കകം പണം നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തുക നൽകാമെന്ന് അജിത്ത് ഉറപ്പുകൊടുത്തു. ഈടായി ഇയാളുടെ മാരുതി ഡിസയർ കാറിന്റെ ആർ.സി ബുക്ക് വാങ്ങി. നാലിനു പണം നൽകാമെന്ന് പറഞ്ഞ് എറണാകുളം എം.ജി. റോഡിലുള്ള എസ്.ബി.ഐയുടെ മുൻവശം ഷിബിലിയെ വിളിച്ചുവരുത്തി.

പണം വാങ്ങാനെത്തിയ പ്രതിയെ ഇടപാടുകാരുടെ വേഷത്തിലായിരുന്ന ടാസ്‌ക്ഫോഴ്സ് വലയിലാക്കുകയായിരുന്നു. ഇയാളോടെപ്പം ഡാനിയും പിടിയിലായി. പണം കിട്ടിയെന്നും കൊടൈക്കനാലിലേക്ക് ടൂർ പോകാമെന്നും പറഞ്ഞ് ശരത്തിനെയും മുസ്തഫയെയും വൈറ്റില ഹബ്ബിലേക്ക് രാത്രി പത്തിന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോയതിനും തടങ്കലിൽ വച്ചതിനും ഇവർക്കെതിരേ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.