റായ്പുർ: ഛത്തീസ്‌ഗഢിലെ സിആർപിഎഫ് ക്യാമ്പിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർ അടക്കം നാല് ജവാന്മാർ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ജവാന് ഗുരുതര പരിക്കേറ്റു. സബ് ഇൻസ്പെക്ടർമാരായ വി.കെ ശർമ, മേഘ് സിങ്, എഎസ്ഐ രാജ് വീർ, കോൺസ്റ്റബിൾ ജി.എസ് റാവു എന്നിവരാണ് മരിച്ചതെന്ന് ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഗജാനന്ദ് എന്ന എഎസ്ഐക്കാണ് പരിക്കേറ്റത്.

ബിജാപൂരിലെ ബാസ്ഗുഡയിലുള്ള സിആർപിഎഫിന്റെ 168 ബറ്റാലിയൻ ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായത്. ക്യാമ്പിലുണ്ടായ തർക്കത്തിന് പിന്നാലെ സനത് കുമാർ എന്ന ജവാനാണ് വെടിവെപ്പ് നടത്തിയത്. സനത് കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. പരിക്കേറ്റ ജവാനെ ഹെലിക്കോപ്റ്റർ ഉപയോഗിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു വെടിവെപ്പെന്ന് ദന്തേവാഡ റേഞ്ച് ഐ.ജി സുന്ദർ രാജ് വാർത്താ ഏജൻസിയോട് പറഞ്ഞു. എ.കെ 47 റൈഫിൾ ഉപയോഗിച്ചാണ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിവെപ്പ് നടത്തിയത്. നാല് ജവാന്മാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.