കണ്ണൂർ: പയ്യാവൂരിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. ഇവരിൽ രണ്ടുപേർ പെൺകുട്ടികളാണ്.

സഫാൻ സലിജൻ (15), ഒരിജ സലിജൻ (15), മാണിക് ബിനോയ്, അഖിൽ, ആയൽ എന്നിവരാണു മരിച്ചത്.

പയ്യാവൂർ ചമതച്ചാലിൽ കുളിക്കാനിറങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിയെ രക്ഷിച്ചതായും വിവരമുണ്ട്. സേക്രഡ് ഹാർട്‌സിലെയും സെന്റ് ആൻസ് സ്‌കൂളുകളിലെയും വിദ്യാർത്ഥികളാണു മരിച്ചത്.

ഇന്നു വൈകിട്ടു നാലോടെയാണ് അപകടം. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ കുട്ടികൾ കുളിക്കാനിങ്ങിയപ്പോൾ പുഴയിലെ കയത്തിൽ പെടുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞദിവസം ഇതേപുഴയിൽ ശ്രീകണ്ഠാപുരത്തുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. വീണ്ടും ദുരന്തമുണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. അതേസമയം ആറുകുട്ടികൾ ഇറങ്ങിയതായ സൂചനകളെ തുടർന്ന് പുഴയിൽ തിരച്ചിൽ തുടരുകയാണ്. മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പുയർന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും ഒഴുക്കിൽപ്പെട്ട് മരണം വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം എട്ടുപേർ വിവിധ സംഭവങ്ങളിലായി മുങ്ങിമരിച്ചിരുന്നു.