റായ്പൂർ: ഛത്തീസ്‌ഗഡിൽ നിയന്ത്രണം വിട്ട കാർ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. കാറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

ജാഷ്പൂരിലാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാൻ പുറപ്പെട്ട വിശ്വാസികൾക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈസമയത്ത് വാഹനത്തിന് നൂറ് മുതൽ 120 കിലോമീറ്റർ വരെ വേഗത ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ നടുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജാഷ്പുരിലെ പത്തൽഗാവ് സ്വദേശിയായ ഗൗരവ് അഗർവാൾ (21) ആണ് മരിച്ചവരിൽ ഒരാൾ. പരുക്കേറ്റവരെ പത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുർഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാൻ നടന്നുപോകുന്ന 20ഓളം തീർത്ഥാടകർക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.

മധ്യപ്രദേശ് നമ്പർ പ്ലേറ്റുള്ള കാറാണ് ഇടിച്ചത്. രോഷാകുലരായ നാട്ടുകാർ കാർ അടിച്ചു തകർത്തു. കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു. മധ്യപ്രദേശിലെ സിങ്രോളി സ്വദേശികളായ ബബ്ലു വിശ്വകർമ (21), ശിശുപാൽ സാഹു (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ മാസം ആദ്യം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം കർഷകർക്കിടയിലേക്ക് ഇടിച്ചുകയറി നാലു കർഷകർ ഉൾപ്പെടെ 8 പേർ മരിച്ചിരുന്നു.