പാലക്കാട്: റോഡിനു കുറുകെ ചാടിയ നായയുണ്ടാക്കിയ അപകടത്തിൽ പൊലിഞ്ഞത് നാലു ജീവൻ. ദേശീയപാതയിൽ കഞ്ചിക്കോട് കൊയ്യാമരക്കാട്ടാണ് ദാരുണ ദുരന്തമുണ്ടായത്.

റോഡിലേക്കു തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെയും ഇയാളെ രക്ഷിക്കാൻ എത്തിയവരെയും പാഞ്ഞുവന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ അടക്കം നാലു പേരാണ് ലോറിയിടിച്ചു മരിച്ചത്.

ബൈക്ക് യാത്രികൻ ചിറ്റൂർ മേനോൻപാറ താഴെ പോക്കാന്തോട് പ്രഭാകരൻ (46), ഇയാളെ രക്ഷിക്കാനെത്തിയ മലപ്പുറം കാടാമ്പുഴ കാവുങ്ങൽ ശശിപ്രസാദ് (34), കോട്ടക്കൽ കാവതിക്കളം കാടങ്കോട്ടിൽ കെ രമേശ് (36), മഞ്ചേരി സ്വദേശി പി സി രാജേഷ് (38) എന്നിവരാണു മരിച്ചത്. ശശിപ്രസാദും രമേശും രാജേഷും കോട്ടക്കൽ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്. പ്രഭാകരൻ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്.

പുലർച്ചെ 1.15ന് കൊയ്യാമരക്കാട്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുകയായിരുന്ന പ്രഭാകരൻ നായ കുറുകെ ചാടിയപ്പോൾ റോഡിൽ തെറിച്ചുവീണു. ഈ സമയം സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ആര്യവൈദ്യശാല ജീവനക്കാർ രക്ഷിക്കാൻ പ്രഭാകരന്റെ സമീപത്തെത്തി. ഇതിനിടെയാണ് പാലക്കാട് ഭാഗത്തു നിന്നു വാളയാറിലേക്ക് വന്ന ലോറി നാലു പേരെയും ഇടിച്ചു തെറിപ്പിച്ചത്. നാലു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഒരു കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടാക്കിയ ലോറി നിർത്തിയത്. അതിനുശേഷം ഡ്രൈവർ കടന്നു കളഞ്ഞു. കഞ്ചിക്കോട് അഗ്‌നിശമനസേന എത്തിയാണ് അപകടത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ ജില്ല ആശുപത്രിയിൽ എത്തിച്ചത്.