പത്തനംതിട്ട / കൊല്ലം: കുളിക്കാനിറങ്ങിയ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പത്തനംതിട്ടയിലും കൊല്ലത്തും പുഴയിലും കടലിലും കുളിക്കാനിറങ്ങിയ 4 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്.

ശക്തികുളങ്ങര സ്വദേശികളായ എജിൻ ഇമ്മാനുവൽ, ആന്റണി എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ഒരാളെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിലാണു കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കൊടുമൺ സ്വദേശി ജിഷ്ണു സുരേഷ്, തുമ്പമൺ സ്വദേശി നോയൽ ഫിലിപ്പ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സ്‌കൂളിലെ +2 വിദ്യാർത്ഥികളാണ് ഇരുവരും.

വൈകിട്ട് നാലോടെയാണ് അച്ചൻ കോവിലാറ്റിൽ ദുരന്തമുണ്ടായത്. ശബരിമല സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം ഫയർ ഫോഴ്‌സ് ടീമാണ് പുഴയിൽ തെരച്ചിൽ നടത്തി വിദ്യാർത്ഥികളെ പുറത്തെടുത്തത്. പിറവം നിലയത്തിലെ ഫയർമാൻ ഡ്രൈവർ എൻ . പി സുധീരൻ, നെയ്യാർ നിലയത്തിലെ ഫയർമാൻ അഭിലാഷ്, ചാമക്കട നിലയത്തിലെ ഫയർമാൻ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.