മെൽബൺ: രാജ്യത്ത് 2025-ഓടെ നാല്പതു ശതമാനം തൊഴിലുകളും ടെക്‌നോളജി കീഴടക്കുമെന്ന് റിപ്പോർട്ട്. യന്ത്രവത്ക്കരണം ശക്തമായ തോതിൽ മുന്നോട്ടു പോകുകയാണെങ്കിൽ മികച്ച സ്‌കിൽ ആവശ്യമുള്ള തൊഴിൽ അടക്കം പത്തു പതിനഞ്ചു വർഷത്തിനുള്ളിൽ മിക്കവയും ടെക്‌നോളജി കീഴടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വർക്ക് ഫോഴ്‌സിൽ ഇത്തരം വൻ മാറ്റങ്ങൾക്ക് വഴിതെളിക്കണമെങ്കിൽ കൂടുതൽ ഫണ്ടിംഗും മൊത്തത്തിൽ സഹകരണമനോഭാവവും വേണ്ടിവരുമെന്നാണ് കമ്മിറ്റി ഫോർ ഇക്കണോമിക് ഡവലപ്‌മെന്റ് ഓഫ് ഓസ്‌ട്രേലിയ (ceda) വ്യക്തമാക്കുന്നത്.

അടുത്ത രണ്ടു ദശകത്തിനുള്ളിൽ ഏകദേശം അഞ്ചു മില്യൺ തൊഴിലുകളാണ് ടെക്‌നോളജിയുടെ ബാഹുല്യം നിമിത്തം മാറ്റിമറിക്കപ്പെടുന്നത്. കൂടാതെ വർക്ക്‌ഫോഴ്‌സിൽ 18.4 ശതമാനം തൊഴിലുകൾ ഭാഗികമായി യന്ത്രങ്ങൾ ഏറ്റെടുക്കും. ടെക്‌നോളജി ഏറ്റെടുത്തു നടത്തുന്ന സാഹചര്യം ഉടലെടുത്തുകൊണ്ടിരിക്കുന്ന വ്യാവസായിക വിപ്ലവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് എന്നാണ് ceda ചീഫ് എക്‌സിക്യൂട്ടീവ് പ്രഫ. സ്റ്റീഫൻ മാർട്ടിൻ പറയുന്നത്. കുറഞ്ഞ വരുമാനമുള്ള തൊഴിലുകൾ മാത്രമല്ല, മാനുവൽ ജോബുകളും ഭീഷണി നേരിടുകയാണ്.

നിലവിൽ ഡെന്റിസ്റ്റുകൾ, കെമിക്കൽ എൻജിനീയർമാർ, ക്ലെർജി, എന്തിനെറെ എഡിറ്റേഴ്‌സ്, ന്യൂസ് പ്രൊപ്രൈറ്റർമാർ എന്നിവരുടെ ജോലി വരെ യന്ത്രങ്ങൾ ഏറ്റെടുക്കുന്ന കാലം അതിവിദൂരമല്ല. നിർമ്മാണം, കൃഷി, മൈനിങ് തുടങ്ങിയ മേഖലകളിലെ ഭൂരിഭാഗം തൊഴിലുകളും ഇപ്പോൾ തന്നെ ടെക്‌നോളജിയുടെ കീഴിലാണ്. ആരോഗ്യമേഖല പോലെയുള്ളവയിൽ പൂർണമായും യന്ത്രവത്ക്കരണം അടുത്ത ദശകത്തിൽ തന്നെ ഉണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
യന്ത്രവത്ക്കരണം മൂലം ആരോഗ്യമേഖലയിൽ ആയിരിക്കും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുക. രോഗനിർണയം മുതൽ സർജറി, നഴ്‌സിങ് കെയർ, ഡിസ്‌പെൻസറി കൈകാര്യം ചെയ്യൽ എല്ലാം പരിപൂർണമായും റോബോട്ടുകളായിരിക്കും നിറവേറ്റുക. ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ അഡ്വാൻസ്ഡ് ടെക്‌നോളജികൾ ഈ യന്ത്രവത്ക്കരണത്തിന് ആക്കം കൂട്ടുകയേയുള്ളൂ.

പൂർണമായും യന്ത്രവത്ക്കരണം നടക്കാൻ പോകുന്ന മറ്റൊരു മേഖലയാണ് ഡ്രൈവിങ്. നിലവിൽ ഓസ്‌ട്രേലിയയിൽ 28 ശതമാനം പേരും ഡ്രൈവിംഗുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ വാഹനങ്ങളും പൂർണമായും യന്ത്രവത്ക്കരിക്കപ്പെടുകയാണെങ്കിൽ ഡ്രൈവിങ് എന്നൊരു തൊഴിൽ തുടച്ചുമാറ്റപ്പെടുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. നിലവിൽ ഗൂഗിൾ ഡ്രൈവർലെസ് കാറുകൾ അവതരിപ്പിച്ചതു തന്നെ ഇതിന്റെ മുന്നോടിയായി കണക്കാക്കാം.
വർക്ക്‌ഫോഴ്‌സിൽ യന്ത്രവത്ക്കരണം നടത്തുന്നതിന് ഓസ്‌ട്രേലിയ ഏറെ അനുകൂല മനോഭാവമാണ് ഇതുവരെ കാട്ടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഭാവിയിൽ ഏതു മേഖലയിലും റോബോട്ടുകൾ തൊഴിൽ ചെയ്യുന്നത് നിത്യകാഴ്ചയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.