ന്യൂഡൽഹി: ജാക്കറ്റ് നയതന്ത്രത്തിലൂട ആഫ്രിക്കയുടെ മനസ്സ് പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തുന്ന വ്യക്തിയാണ് മോദിയെന്നതും പ്രസക്തം. മോദി സ്ഥിരമായി ഉപയോഗിക്കുന്ന ജാക്കറ്റ് ഒരു ഒരു ഫാഷൻ തരംഗം തന്നെയാണ്. ഈ മോദി ജാക്കറ്റിന്റെ പെരുമ ഇപ്പോൾ ആഫ്രിക്കയിലെത്തിച്ച് നേതാക്കളുടെ മനസ്സ് പിടിക്കാനാണ് നീക്കം.

മൂന്നാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടിയിലാണ് മോദിയുടെ ജാക്കറ്റ് നയതന്ത്രം എത്തുക. 42 രാഷ്ട്രതലവന്മാരാണ് യോഗത്തിനായി ഡൽഹിയിലെത്തുക. ഇവർക്കായി പ്രധാനമന്ത്രി പ്രത്യേകം ഡിന്നർ ഒരുക്കും. ഇതിലെത്തുന്ന രാഷ്ട്ര നേതാക്കളെ മോദി സ്‌റ്റൈൽ ജാക്കറ്റ് അണിയിക്കാനാണ് നീക്കം. സർക്കാർ തന്നെ പ്ര്‌ത്യേകമായി ഇത്തരം ജാക്കറ്റുകൾ തയ്യാറാക്കും. പല നിറത്തിലുള്ള ജാക്കറ്റുകൾ ഇതിനായി ഒരുക്കുന്നുണ്ട്. ഈൗജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ സീസി , ജേക്കബ് സുമ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മോദി ജാക്കറ്റിൽ ശോഭിക്കും. ലോക നേതാക്കളുമായുള്ള വ്യക്തിപരമായ തന്റെ ബന്ധം നയതന്ത്രബന്ധത്തിലേക്ക് വളർത്താനാണ് മോദി ഉദ്ദേശിക്കുന്നത്. നേതാക്കളെ സ്വീകരിക്കുമ്പോൾ ഇതേ മോഡൽ ജാക്കറ്റ് തന്നെയാണ് മോദിയും ഉപയോഗിക്കുക.

ബീഹാർ ഇലക്ഷൻ ചൂടു പിടിച്ചിരിക്കുന്ന സമയത്തും മോദി സമ്മിറ്റിന് നൽകുന്ന പ്രാധാന്യത്തെ മുതിർന്ന ആഫ്രിക്കൻ നയതന്ത്രജ്ഞർ സ്വാഗതം ചെയ്യുകയാണ്. ആഫ്രിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യത്തെയാണ് ഇത് വെളിപ്പുടുത്തുന്നതെന്നാണ് അവരുടെ വാദം. ആഫ്രിക്കൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരന്തരം മോദി ട്വീറ്റ് ചെയ്യുന്നുണ്ട്. ഇതെല്ലാം ആഫ്രിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നാണ് അവരുടെ വിലയിരുത്തൽ.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കൻ നേതാക്കളുടെ ഒത്തു ചേരലിനാണ് ഡൽഹി വേദിയാകുന്നത്. ആഫ്രിക്കയുടെ വ്യാപാര-വാണിജ്യ സാധ്യതകൾ തിരിച്ചറിഞ്ഞാണ് മോദിയുടെ ഈ നീക്കം.