ലക്നൗ: യു.പിയിലെ ബറേലി ജില്ലയിൽ വീണ്ടും പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചർച്ചയാകുന്നു. ശരീരം തളർന്നുപോയ 42 കാരനായ യുവവാണ് 90 കാരിയായ മാതാവിന്റെ മടിയിൽ മരിച്ചത്. കിട്ടിയ റേഷൻ മകന്റെ ചികിത്സയ്ക്കായി മറിച്ചുവിൽക്കേണ്ടിവന്നു എന്നാണ് അമ്മ പറയുന്നത്. കുഡാരിയ ഇഖ്ലാസ്പൂർ ഗ്രാമവാസിയായ നെംചന്ദ്രയെന്ന യുവാവാണ് മരിച്ചത്. മൂന്നുദിവസമായി ഇയാൾ ആഹാരം കഴിച്ചിരുന്നില്ല.

എട്ടുസഹോദരങ്ങളിൽ ഏറ്റവും ഇളയവനാണ് നംചന്ദ. അദ്ദേഹത്തിന്റെ മൂത്തസഹോദരങ്ങളിൽ നാലുപേർ ജീവിച്ചിരിപ്പില്ല. രണ്ടുപേർ ബറേലി നഗരത്തിലും ഒരാൾ ഡൽഹിയിലും ജോലി ചെയ്യുകയാണ്. അവിവാഹിതനായ നെംചന്ദ്ര കുടുംബവീട്ടിൽ മാതാവ് ഖിലോ ദേവിക്കൊപ്പം കഴിയുകയായിരുന്നു. കൂലിപ്പണിക്കാരനായ ഇദ്ദേഹം ആഴ്ചകൾക്കു മുമ്പാണ് തളർന്നുവീണത്.

'രോഗം വന്നശേഷം അദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. അതോടെ സാമ്പത്തിക ബുദ്ധിമുട്ടായി. അവർക്ക് കഴിക്കാൻ ഭക്ഷണമില്ലാത്തപ്പോൾ ഞങ്ങൾ ഭക്ഷണം നൽകാറുണ്ടായിരുന്നു.' നെംചന്ദ്രയുടെ ബന്ധുവായ സരളാ പറയുന്നു.

അയൽക്കാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ജീവൻ നിലനിർത്തിയിരുന്നതെന്നാണ് ഖിലോ ദേവി പറയുന്നത്. റേഷൻ വാങ്ങിയിരുന്നുവെങ്കിലും മകന്റെ ചികിത്സയ്ക്കായി ഇതു മറിച്ചുവിൽക്കുകയായിരുന്നുവെന്നും അവർ പറയുന്നു. 'കഴിഞ്ഞ മൂന്നുദിവസമായി ഞങ്ങൾക്ക് കഴിക്കാനും പാകം ചെയ്യാനും ഒന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് മകൻ മരിച്ചത്.' അവർ പറയുന്നു.

പട്ടിണി മരണവിവരം പുറത്തായതോടെ വീടു സന്ദർശിച്ച ഉദ്യോഗസ്ഥരും അവിടെ കഴിക്കാൻ ഒന്നുമില്ലായിരുന്നു എന്ന കാര്യം ശരിവെക്കുന്നുണ്ട്. 'അവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. പട്ടിണി കാരണമാണോ രോഗം കാരണമാണോ അദ്ദേഹം മരിച്ചതെന്ന് പരിശോധിക്കും. മാതാവിന് സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കും.; വീട് സന്ദർശിച്ച ലേഡ് ലേഖ്പാൽ ശിവ കുഷ്വാഹ വ്യക്തമാക്കി.