സാന്റോ ഡൊമിനാഗോ: ഇക്വഡോറിൽ നടന്ന ഒരു ജയിൽ കലാപത്തിൽ 43 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ് അറിയിച്ചു. 1ഊ ൽ അധികം പേർ തടവു ചാടുകയും ചെയ്തു. തടവു ചാടിയ 112 പേരെ പിടികൂടിയെങ്കിലും 108 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് പറഞ്ഞു. ഇക്വഡോറിയൻ നഗരമായ സാന്റോ ഡോമിനിഗോയിലെ ജയിലിൽ ഇന്നലെ, തിങ്കളാഴ്‌ച്ച അതി രാവിലെയായിരുന്നു രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കോടതി ഉത്തരവിനെ തുടർന്ന് ഒരു ഗുണ്ടാസംഘം നേതാവിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ തുടർന്നാണ് കലാപം ഉണ്ടായതെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങൾ എഴുതുന്നു. 43 പേർ കലാപത്തിൽ മരണമടഞ്ഞതായി ആഭ്യന്തരകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. അവരിൽ ഏറെ പേരും മൂർച്ഛയുള്ള ആയുധങ്ങൾ കൊണ്ടുള്ള കുത്തേറ്റാണ് മരണമടഞ്ഞത്.

മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ അവരുടെ വില്പന നടത്തുന്ന പ്രദേശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ ഇക്വഡോറിൽ സാധാരണമാണ്. അതിന്റെ ഭാഗമായി ജയിലുകളിലും ഇടയ്ക്കിടെ കലാപങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് തിങ്കളാഴ്‌ച്ച നടന്ന കലാപം. കഴിഞ്ഞവർഷം ഇക്വഡൊറിലെ വിവിധ ജയിലുകളിൽ നടന്ന കലാപത്തിന്റെ ഭാഗമായി 316 പേർ മരണമടഞ്ഞിരുന്നു.

ഇപ്പോൾ കലാപം നടന്ന സെന്റ് ഡൊമിനിഗോയിലെ ബെല്ലാവിസ്റ്റ ജയിലിൽ സ്ഥിതിഗതികൾ നിയന്ത്രണാധീനമായതായി ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. തടവുപുള്ളികൾ രക്ഷപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ ജയിൽ മതിലുകൾക്ക് മേൽ സുരക്ഷാ വേലികളും ഉയർത്തിയതായി അധികൃതർ അറിയിച്ചു.

അതേസമയം, സർക്കാരാണ് ജയിലിലെ സ്ഥിതിഗതികൾ വഷളാക്കുന്നതെന്ന് ഇന്റർ അമേരിക്കൻ കമ്മീഷൻ ഓൺ ഹുമൻ റൈറ്റ്സ് ആരോപിച്ചു. ജയിലുകളുടെകാര്യത്തിൽ സർക്കാരിന് സമഗ്രമായ നയം ഇല്ലാത്തതിനാൽ പല ജയിലുകളിലേയും സ്ഥിതിഗതികൾ ഏറെ ശോചനീയമാണ്. രാജ്യമാകമാനം വിവിധ ജയിലുകളിലായി ഏകദേശം 35,000 ത്തോളം തടവുകാരാണ്. പല ജയിലുകളിലും ഉൾക്കൊള്ളാവുന്നതിന്റെ 15 ശതമാനത്തോളം അധികം തടവുകാരുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യ-രാഷ്ട്രീയ പരിഷ്‌കരണങ്ങളിലൂടെയും തടവുപുള്ളികളെ നേരത്തേ മോചിപ്പിച്ചും ജയിലിനകത്തെ കലാപങ്ങൾ കുറയ്ക്കുമെന്ന് പ്രസിഡണ്ട് ഗില്ലിർമോ ലാസ്സൊ പറഞ്ഞു.