ബെംഗളുരു: തൊഴിലാളികൾ അടിച്ചു തകർത്തതോടെ 437.40 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കർണാടകയിലെ കോലാറിലെ ഐ ഫോൺ നിർമ്മാണ കമ്പനി. തായ്‌വാൻ ആസ്ഥാനമായുള്ള വിസ്ട്രോണിന്റെ പ്ലാന്റാണ് കഴിഞ്ഞ ദിവസം ഒരു സംഘം ജീവനക്കാർ അടിച്ച് തകർത്തത്. കമ്പനിക്കുണ്ടായ നഷ്ടം 437.40 കോടി രൂപ വരുമെന്നാണ് വിലയിരുത്തുന്നത്. കെട്ടിടത്തിനും സ്ഥാപനത്തിന്റെ വാഹനത്തിനും അഗ്നിബാധയും വിലയേറിയ ഉപകരണങ്ങൾക്കുണ്ടായ നഷ്ടവും കംപ്യൂട്ടറുകളുടെ നഷ്ടവും മോഷണം അടക്കമാണ് ഇത്രയും തുകയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

കമ്പനി എക്സിക്യുട്ടീവായ ടി ഡി പ്രശാന്ത് വേമഗൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേതനത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മൊബൈൽ ഫോൺ, ഓഫീസ് ഉപകരണങ്ങൾ, നിർമ്മാണ സാമഗ്രഹി എന്നിവയ്ക്ക് മാത്രമുള്ള നഷ്ടം 412.5 കോടിയാണെന്നാണ് റിപ്പോർട്ട്. 1.5 കോടി രൂപയുടെ ഫോണുകൾ നഷ്ടമായെന്നും പരാതി വിശദമാക്കുന്നു. കരാർ തൊഴിലാളികളായ 5000 പേരും അപരിചിതരായ 2000 പേരുമാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതിയിലെ ആരോപണം.

ഐഫോൺ നിർമ്മാണശാല തൊഴിലാളികൾ അടിച്ചു തകർത്ത സംഭവത്തിൽ 125 തൊഴിലാളികളെ കഴിഞ്ഞ ​​ദിവസം അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആപ്പിൾ ഐഫോണുകളുടെ നിർമ്മാതാക്കളിലൊരാളായ വിസ്ട്രൺ കോർപറേഷന്റെ ബംഗളുരു യൂണിറ്റിലാണ് ജീവനക്കാർ പ്രകോപിതരായത്. ശമ്പളം വൈകിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിന് കമ്പനി തയ്യാറാകാത്തതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്.

ശനിയാഴ്ച രാവിലെ 6.30 ന് 8000ത്തോളം വരുന്ന കമ്പനി ജീവനക്കാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവർ നശിപ്പിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ ജീവനക്കാർ അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ക്യാമറകൾ, രണ്ട് കാറുകൾ, ഗ്ലാസുകൾ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ നിർമ്മാണ യൂണിറ്റിൽ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂർ ജോലി ചെയ്യാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, ഈ ജീവനക്കാർക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്തിട്ടും 7-8 മണിക്കൂർ ജോലി ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളവും ലഭിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

എൻജിനീയറിങ് ബിരുദധാരികൾക്ക് പ്രതിമാസം 21000 രൂപയായിരുന്നു വാഗ്ദാനം. എന്നാൽ ആദ്യം 16000മായും പിന്നീട് 12000മായും കുറച്ചു. 11000 രൂപ പറഞ്ഞ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് വെറും 5000 മാത്രമാണ് നൽകിയത്. ഈ കുറഞ്ഞ ശമ്പളം നൽകുന്നതിന് തന്നെ സ്ഥിരതയുണ്ടായിരുന്നില്ല. മാനേജീരിയൽ ജീവനക്കാർക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. എന്നാൽ രാത്രിയും പകലുമായി 12 മണിക്കൂർ ജോലി ചെയ്താലും ഓവർ ടൈം കൂലി നൽകിയില്ല. ജോലി സാഹചര്യവും ഭക്ഷണവും ഗുണനിലവാരമില്ലാത്തതായിരുന്നു.

ഏറെക്കാലമായി പ്രശ്‌നങ്ങളെ സംബന്ധിച്ച് കമ്പനി അധികൃതർക്ക് പരാതി നൽകുന്നു. എന്നാൽ ഇതുവരെ ഒന്നിനും പരിഹാരമായില്ല. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കൂലി ലഭിക്കുന്നില്ല. വെള്ളിയാഴ്ചയാണ് ശമ്പളം ലഭിച്ചത്. കുറഞ്ഞ കൂലിയോടൊപ്പം ഷിഫ്റ്റിൽ മാറ്റം വരുത്തിയത് തൊഴിലാളികളിൽ ചിലരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. തുടർന്ന് എച്ച് ആറുമായി വാക്കേറ്റമുണ്ടാകുകയും ആക്രമത്തിലേക്ക് എത്തുകയും ചെയ്‌തെന്ന് തൊഴിലാളികൾ പറയുന്നു. കമ്പനിയും റിക്രൂട്ട്‌മെന്റ് ഏജൻസിയും തമ്മിലുള്ള ധാരണപിശകാണ് ശമ്പള പ്രശ്‌നമുണ്ടാകാൻ കാരണമെന്നും പറയുന്നുണ്ട്.

സംസ്ഥാന സർക്കാർ നൽകിയ 43 ഏക്കറിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തായ്വാൻ കമ്പനിയായ വിസ്‌ട്രോൺ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാറിലെ ഫാക്ടറിയിലാണ് ദക്ഷിണേന്ത്യയിലേക്കുള്ള ആപ്പിൾ ഐഫോണിന്റെ ചില മോഡലുകളും ഉപകരണങ്ങളും നിർമ്മിക്കുന്നത്.